കൊവിഡ്; ജോലി നിയന്ത്രണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സന്തോഷിക്കാം, പ്രയാസം വ്യാപാരികള്‍ക്കും സാധാരണക്കാര്‍ക്കും: വൈറലായി വ്യാപാരി നേതാവിന്റെ കുറിപ്പ്
വരുമാനമില്ലാത്തതിന്റെ പേരില്‍ ആത്മഹത്യയെപറ്റി ചിന്തിച്ച ഏതെങ്കിലും ജനപ്രതിനിധിയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ഉണ്ടോ...? പക്ഷേ ആയിരക്കണക്കിന് വ്യാപാരികളും പൊതുജനങ്ങളും ഉണ്ട്.
മലപ്പുറം: കൊവിഡിന്റെ പേരില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളില്‍ സന്തോഷിക്കുന്ന വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമാണെന്നും വ്യാപാരികളേയും സാധരണക്കാരേയുമാണ് എല്ലാ നിയന്ത്രണങ്ങളും ബാധിക്കുന്നതെന്നുമുള്ള വ്യാപാരി നേതാവിന്റെ കുറിപ്പ് വൈറലാകുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം ജനറല്‍ സെക്രട്ടറി എം കെ സൈനുദ്ദീന്‍ ഹാജി എഴുതിയ കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ് കൊവിഡ് നിയന്ത്രണം കാരണമുള്ള സാമ്പത്തിക പ്രയാസം അനുഭവിക്കാത്തതെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. 'ഒരോ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന മന്ത്രിമാര്‍ എംഎല്‍എമാര്‍ .എംപി മാര്‍ കലക്ടര്‍ ... മറ്റ് ഉദ്യോഗസ്ഥര്‍ ഇവര്‍ തങ്ങളുടെ ശമ്പളത്തിന്റെ ഒരു ശതമാനം പോലും കൊവിഡിന്റേ പേരില്‍ ത്യജിക്കാന്‍ തയ്യാറാവുന്നില്ല.
കടകള്‍ നേരത്തെ അടക്കണം എന്ന് പറയുമ്പോള്‍ വ്യാപരികള്‍ക്ക് വമ്പിച്ച നഷ്ടമാണ് സംഭവിക്കുന്നത്. എന്നാല്‍ പകുതി ദിവസം മാത്രം ജോലിയെടുത്ത് മുഴുവന്‍ ശമ്പളവും വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്തോഷവും. ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന മേലുദ്യോഗസ്ഥര്‍ അര്‍ദ്ധ രാത്രികളില്‍ ഉത്തരവിടുമ്പോള്‍ വ്യാപാരികളുടേയോ പൊതു ജനങ്ങളുടേയോ ബുദ്ധിമുട്ടിനെക്കുറിച്ച് ചിന്തിക്കണം.
കോവിഡിനെ നാട്ടില്‍ നിന്നും നിര്‍മാര്‍ജ്ജനം ചെയ്യണം എന്നകാര്യത്തില്‍ രണ്ടഭിപ്രായമില്ല. എന്നാല്‍ അതിന്റെ കെടുതി അനുഭവിക്കുന്നത് വ്യാപാരികളും പൊതുജനങ്ങളും മാത്രമെന്നും അദ്ദേഹം പറയുന്നു.'കൊവിഡ് കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ജോലിചെയ്യുന്നവര്‍ക്കും പെയ്യാത്തവര്‍ക്കും ശമ്പളം ഉണ്ട്. പക്ഷേ മറ്റുള്ളവര്‍ക്ക് ജോലിയും വരുമാനവും ഇല്ല. വരുമാനമില്ലാത്തതിന്റെ പേരില്‍ ആത്മഹത്യയെപറ്റി ചിന്തിച്ച ഏതെങ്കിലും ജനപ്രതിനിധിയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ഉണ്ടോ...? പക്ഷേ ആയിരക്കണക്കിന് വ്യാപാരികളും പൊതുജനങ്ങളും ഉണ്ട്. കൊവിഡ് കാലത്തെ പലിശപോലും ഇപ്പോഴും അടക്കാത്ത വ്യാപാരികള്‍ ഉണ്ടെന്നും വ്യാപാരി നേതാവ് പറയുന്നു.
' ഉദ്യോഗസ്ഥര്‍ക്ക് പകുതി സമയം മാത്രം ജോലി ചെയ്താലും ശമ്പളം കൃത്യമായി അകൗണ്ടില്‍ വരും. എന്നാല്‍ കടകള്‍ പകുതി സമയം മാത്രം തുറന്നാല്‍ അവരുടെ ബില്‍ഡിങ് വാടക, തൊഴില്‍ നികുതി.ഷോപ്പിലെ ജോലിക്കാരുടെ വേതനം, നൂറു കൂട്ടം ലൈസന്‍സ് ഫീസുകള്‍ ഇവയൊന്നും കുറക്കാനോ ഒഴിവാക്കാനോ പറ്റില്ല. കാരണം ഉദ്യോഗസ്ഥരെ തീറ്റിപോറ്റണ്ടേ. ജനങ്ങള്‍ ഉണര്‍ന്നേ പറ്റൂ. കൊവിഡ് നാട്ടില്‍ പരത്തിയത് വ്യാപരികളല്ല. പക്ഷേ അതിന്റെ ദുരിതഫലം അനുഭവിക്കുന്നത് വ്യാപാരികള്‍ മാത്രം. ജീവിതമില്ലാതെ എന്ത് അതിജീവനം എന്നും സൈനുദ്ദീന്‍ ഹാജി ചോദിക്കുന്നു.