കൊവിഡ്: കുടിയേറ്റത്തൊഴിലാളികള്‍ക്ക് റേഷനും യാത്രാസൗകര്യവും ഒരുക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

Update: 2021-04-29 13:31 GMT

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിവിധ സംസ്ഥാനങ്ങളിലുളള കുടിയേറ്റത്തൊഴിലാളികള്‍ക്ക് റേഷനും നാടുകളിലേക്ക് തിരികെയെത്തുന്നതിനുള്ള യാത്രാസൗകര്യവും ഒരുക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. കൊവിഡിന്റെ പശ്ചാത്തലിത്തില്‍ ഓരോരുത്തരുടെയും നാടുകളിലേക്ക് സാധാരണ യാത്രാക്കൂലി വാങ്ങി തിരികെയെത്തിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സാമൂഹികപ്രവര്‍ത്തകരായ ഹര്‍ഷ് മന്ദര്‍, അഞ്ജലി ഭരദ്വാജ്, ജഗ്ദീപ് ഛോക്കര്‍ എന്നിവരാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കടക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികളുടെ പ്രശ്‌നത്തില്‍ സുപ്രിംകോടതി അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ കൊവിഡ് വ്യാപന സമയത്ത് സുപ്രിംകോടതി സ്വമേധയാ എടുത്ത കേസില്‍ പുതിയ അപേക്ഷയായാണ് കേസ് നല്‍കിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് സ്‌കീമില്‍ ഉള്‍പ്പെടുത്തി ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ആനുകൂല്യം ലഭിക്കാത്ത എട്ട് കോടി കുടിയേറ്റത്തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കണമന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധി ആരംഭിച്ച സമയത്താണ് റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടാത്ത കുടിയേറ്റത്തൊഴിലാളികള്‍ക്ക് രണ്ട് മാസം കേന്ദ്രം ഇടപെട്ട് റേഷന്‍ നല്‍കിയത്. പക്ഷേ, ജൂണ്‍ 2020നു ശേഷം ആ പദ്ധതി തുടര്‍ന്നില്ല. നാട്ടിലേക്ക് തിരികെപ്പോകാന്‍ തൊഴിലാളികള്‍ കൂട്ടംകൂടി നല്‍കുന്ന റയില്‍വേ, ബസ് സ്‌റ്റേഷനുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ വഴി പാകം ചെയ്ത ഭക്ഷണം നല്‍കണമെന്നും അവിടെ ഫീഡിങ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കണമെന്നുമാണ് മറ്റൊരു ആവശ്യം.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജാഗ്രതയോടെയാണ് ഇത്തവണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലു ക്ഷേമ പദ്ധതികളില്‍ വലിയ വീഴ്ചയുണ്ടായിരിക്കുന്നതായും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.

Tags:    

Similar News