ന്യൂഡല്‍ഹി: ഇന്ത്യയുടെ തനത് വാക്‌സിനായ കൊവാക്‌സിന്‍ കൊവിഡ് 19 ലക്ഷണങ്ങള്‍ക്ക് 50 ശതമാനം ഫലപ്രദമെന്ന് ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേര്‍ണല്‍. ബിബിവി152 എന്ന പേരില്‍ അറിയപ്പെടുന്ന കൊവാക്‌സിന്റെ രണ്ട് ഡോസുകള്‍ സാധാരണ സാഹചര്യത്തില്‍ പരിശോധിച്ചപ്പോഴാണ് 50 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയത്. മറ്റ് വൈറസ് ലക്ഷണങ്ങള്‍ക്ക് വാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമാണെന്നാണ് നേരത്തെ കണ്ടെത്തിയിരുന്നു.
എയിംസിലെ 2,714 ആശുപത്രി ജീവനക്കാരില്‍ ഏപ്രില്‍ 15, മെയ് 15 കാലയളവില്‍ നടത്തിയ പഠനത്തിന്റെ രേഖകളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആര്‍ടി പിസിആര്‍ പരിശോധനയില്‍ കൊവിഡ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചവരെയാണ് പഠനത്തിന് വിധേയമാക്കിയത്.
പഠനകാലയളവില്‍ ഇന്ത്യയില്‍ ഡല്‍റ്റ വകഭേദമായിരുന്നു പ്രസരിച്ചിരുന്നത്. ആകെ കൊവിഡ് രോഗികളില്‍ 80 ശതമാനവും ഡല്‍റ്റ വകഭേദമായിരുന്നു.
ഹൈദരാബാദിലെ ഭാരത് ബയോടെക്കാണ് കൊവാക്‌സിന്‍ വികസിപ്പിച്ചതും വിതരണം ചെയ്യുന്നതും. ഐസിഎംആറും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടും വാക്‌സിന്‍ വികസനത്തില്‍ സഹകരിച്ചു.
ഈ വര്‍ഷം ജനുവരിയിലാണ് കൊവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ലോകാരോഗ്യ സംഘടനയുടെ അനുമതിക്ക് വേണ്ടി കൊവാക്‌സിന്റെ ഉദ്പാദകരും അപേക്ഷ നല്‍കിയിരുന്നു. ഇന്ത്യയുടെ രണ്ടാം കൊവിഡ് തരംഗത്തിന്റെ സമയത്താണ് ഏറ്റവും പുതിയ പഠനം നടന്നത്.
ഇന്ത്യയില്‍ കൊവാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് കൃത്യമായ സൂചന നല്‍കാന്‍ പുതിയ പഠനം സഹായിക്കുമെന്ന് എയിംസ് ഡല്‍ഹി ഫ്രഫസര്‍ മനീഷ് സൊനേജ പറഞ്ഞു. ഡല്‍റ്റ വകഭേദത്തെക്കുറിച്ചും പഠനം ചില സൂചനകള്‍ നല്‍കുന്നുണ്ട്. മഹാമാരിയെ ചെറുക്കുന്നതില്‍ കൊവിഡ് വാക്‌സിന്‍ പദ്ധതിയുടെ പ്രാധാന്യവും ഒപ്പം വാക്‌സിന്‍ എടുത്താലും സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിക്കണമെന്നും പുതിയ പഠനം തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജനുവരി 16ന് എയിംസിലെ 23,000 ജീവനക്കാര്‍ക്ക് കൊവാക്‌സിന്‍ നല്‍കിയിരുന്നു. ഇത് പഠനം നടത്തുന്നതിന് ഏറെ സഹായകരമായി. മാത്രമല്ല, പരിശോധനയ്ക്ക് വിധേയരായ എല്ലാവരുംതന്നെ ആരോഗ്യപ്രവര്‍ത്തകരുമായിരുന്നു. പഠനത്തിനു വിധേയരായ 2,714 പേരെ പരിശോധിച്ചപ്പോള്‍ 1,617 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി, 1,097 പേര്‍ക്ക് നെഗറ്റീവായി. ആര്‍ടിപിസിആര്‍ പരിശോധനയാണ് അതിനുപയോഗിച്ചത്.
പഠനത്തിന് വിധേയരായവരില്‍ മിക്കവരും പഠനകാലയളവായ മുപ്പത് ദിവസത്തില്‍ ആദ്യത്തെ 20 ദിവസമാണ് പരിശോധനക്ക് വിധേയരായത്. വാക്‌സിനെടുത്ത് ഏഴ് ആഴ്ച പ്രതിരോധം നല്‍കിയതായി പഠനം തെളിയിച്ചു.
ഈ വര്‍ഷം മെയ് മുതല്‍ ജൂലൈ വരെ 11 ആശുപത്രികളില്‍ നടത്തിയ മറ്റൊരു പഠനത്തില്‍, കൊവിഷീല്‍ഡും കൊവാക്‌സിനും 45 വയസും അതില്‍ കൂടുതലുമുള്ളവരില്‍ ഗുരുതരമായ കൊവിഡ് 19 ഡെല്‍റ്റ വകഭേദത്തിന്റെ അപകടസാധ്യത ഗണ്യമായി കുറച്ചതായി കണ്ടെത്തിയിരുന്നു. അന്നത്തെ പഠനത്തില്‍ രണ്ട് ഡോസ് കെവാക്‌സിന്‍ 69 ശതമാനവും കൊവിഷീല്‍ഡ് 80 ശതമാനവും ഫലപ്രാപ്തയുള്ളതായി കണ്ടെത്തിയിരുന്നു.
ഐസിഎംആറിലെ ഗവേഷകരുടെ സഹായത്തോടെയാണ് പഠനം നടന്നത്.