മാവോവാദി തടവുകാരന്‍ ജി എന്‍ സായിബാബയ്ക്ക് കൊവിഡ്; ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഭാര്യ

Update: 2022-01-10 12:51 GMT

ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ജി എന്‍ സായിബാബയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാവോവാദി ബന്ധമാരോപിച്ച് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം രോഗബാധിതനാവുന്നത്. 

90 ശതമാനം ശാരീരികവെല്ലുവിളി നേരിടുന്ന സായിബാബയെ 2017ലാണ് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുന്നത്. മഹാരാഷ്ട്ര ഗച്ച്‌റോളി ജില്ലാ കോടതിയുടേതായിരുന്നു വിധി. സായിബാബ രാജ്യത്തിനെതിരേ യുദ്ധം ചെയ്യുന്നുവെന്നാണ് ആരോപണം.

സായിബാബയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ വസന്ത ജയില്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ചു.

ഈ അടുത്തകാലത്തായി അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി വളരെയേറെ ഗുരുതരമായിരിക്കുകയാണ്. കനത്ത ക്ഷീണവും അനുഭവപ്പെടുന്നുണ്ട്. ഉറക്കക്കുറവും തണ്ടല്‍ വേദനയും ശക്തമാണ്. ഈ അവസ്ഥയില്‍ കൊവിഡിന്റെ രണ്ടാമത്തെ ആക്രമണം അദ്ദേഹം എങ്ങനെ അതിജീവിക്കുമെന്ന് അറിയില്ലെന്ന് ഭാര്യ പറഞ്ഞു.

പുസ്തകങ്ങളും വസ്ത്രങ്ങളും മരുന്നും അനുവദിക്കാത്തതിനെതിരേ സായിബാബ 2020 ഒക്ടോബറില്‍ ഒരു മാസം നിരാഹാര സമരം നടത്തിയിരുന്നു.

Tags:    

Similar News