കുംഭമേളയില്‍ പങ്കെടുത്ത് തിരിച്ചുപോയ നേപ്പാള്‍ മുന്‍ രാജാവിനും ഭാര്യയ്ക്കും കൊവിഡ്
കാഠ്മണ്ഡു: കുംഭമേളയില്‍ പങ്കെടുത്ത് തിരിച്ചുപോയ നേപ്പാളിലെ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായ്ക്കും ഭാര്യ കൊമള്‍ ഷായ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. നേപ്പാള്‍ ആരോഗ്യമന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കുംഭമേളയില്‍ പങ്കെടുത്ത് ഇരുവരും നേപ്പാളില്‍ തിരിച്ചെത്തിയത്. ഇരുവരെയും ഇപ്പോള്‍ ഹോം ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരുടെയും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിനുള്ള നപടികള്‍ പുരോഗമിക്കുന്നു.
ഇന്ത്യയിലേക്ക് ഏപ്രില്‍ 8ാം തിയ്യതിയാണ് ഇരുവരും പുറപ്പെട്ടത്. ആ സമയത്ത് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായിരുന്നു.
മഹാ കുംഭമേള 2021 സ്‌പെഷ്യല്‍ കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും ഹരിദ്വാറിലെത്തിയത്. ഏപ്രില്‍ 12ാം തിയ്യതി ഗ്യാനേന്ദ്ര ഷാ മുഖ്യാഥിതിയായി കുംഭമേളയില്‍ പങ്കെടുത്തു. അന്നുതന്നെ ബാബ രാംദേവിന്റെ പതംഞ്ജലി യോഗപീഠം സന്ദര്‍ശിച്ചു. ദക്ഷിണ കാളി ക്ഷേത്രത്തിലെ ആചാര്യ മഹാമണ്ഡലേശ്വര്‍ കൈലാഷാനന്ദിനെയും സന്ദര്‍ശിച്ചിരുന്നു. ഗ്യാനേന്ദ്ര ഷായുടെ ആദ്യ കുംഭമേള സന്ദര്‍ശനമായിരുന്നു ഇത്.