കൊവിഡ് ചികില്‍സ; സ്വകാര്യ ആശുപത്രികളുടെ മുറിവാടക സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു
തിരുവനന്തപുരം: കൊവിഡ് ചികില്‍സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളുടെ മുറിവാടക പുതുക്കി നിശ്ചയിച്ചു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. പരമാവധി ഈടാക്കാവുന്ന ചികില്‍സാചിലവ് 2645 രൂപമുതല്‍ 9776 രൂപവരെയാണ്.
നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയറിന്റെ അക്രഡിറ്റേഷനുളള ആശുപത്രികളില്‍ ജനറല്‍ വാര്‍ഡ്-2910, മുറി (2 ബെഡ്)-2997, മുറി(2 ബെഡ് എസി)-3491, സ്വകാര്യമുറി-4073, സ്വകാര്യ മുറി എസി- 5819 എന്നിവയാണ് പുതുക്കിയ നിരക്ക്.
പുതുക്കിയ സര്‍ക്കാര്‍ നിരക്ക് ആറാഴ്ച വരെ നടപ്പിലാക്കാന്‍ തയ്യാറാണെന്ന് സ്വകാര്യ ആശുപത്രി മനേജ്‌മെന്റുകള്‍ അറിയിച്ചു.
അക്രഡിറ്റേഷനില്ലാത്ത ആശുപത്രികളില്‍ ജനറല്‍ വാര്‍ഡിന് 2,645 രൂപയും മുറി(രണ്ട് ബെഡ്) 2724 രൂപയും മുറി(രണ്ട് ബെഡ്-എസി)3,174 രൂപയും സ്വകാര്യ മുറി 3,703 രൂപയും സ്വകാര്യ മുറി (എസി)5,290 രൂപയുമാണ് പുതുക്കിയ നിരക്ക്.
നേരത്തെ ഇറക്കിയ ഉത്തരവ് റദ്ദാക്കിയാണ് പുതുക്കിയ ഉത്തരവ്. മുറിവാടക ആശുപത്രി മാനേജ് മെന്റിന് നിശ്ചയിക്കാമെന്ന മുന്‍ ഉത്തരവാണ് റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ പുതുക്കിയ മുറിവാടക നിരക്ക് ഹൈക്കോടതിയെ അറിയിച്ചു. പുതുക്കിയ നിരക്ക് നടപ്പിലാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കി.