ഡറാഡൂണ്‍: കൊവിഡ് ഭീതിക്കിടയിലും ഈ വര്‍ഷത്തെ കുംഭമേള തടസ്സമില്ലാതെ നടക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. കുംഭമേള അതിന്റെ അല്ലാ ആധ്യാത്മക വിശുദ്ധിയോടുകൂടിത്തന്നെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഖില്‍ ഭാരതീയ അഘാഡ പരിഷത്ത് നേതാക്കളുമായി ഹരിദ്വാറില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം കുംഭമേള നടക്കുന്ന ദിവസങ്ങളിലെ സ്ഥിതിഗതികള്‍ പരിശോധിച്ചായിരിക്കും അവസാന തീരുമാനമെടുക്കുകയെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. 2021 ജനുവരി 14നാണ് കുംഭമേള നടക്കുന്നത്. 15 ദിവസത്തിനുള്ളില്‍ സ്ഥിതിഗതികള്‍ പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
കുംഭമേള നടക്കുന്ന സ്ഥലങ്ങളില്‍ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും അവസാന മിനുക്കിപണികളിലെത്തിയിരിക്കുകയാണെന്ന് കുംഭമേള സ്‌പെഷ്യല്‍ ഓഫിസര്‍ ദീപക് റാവത്ത് പറഞ്ഞു. സ്‌നാനഘട്ടിലെ 9 എടുപ്പുകള്‍, 8 പാലങ്ങള്‍ എന്നിവ അവസാന ഘട്ടത്തിലാണ്. ഡിസംബര്‍ 15ഓടെ എല്ലാ പണികളും പൂര്‍ത്തിയാവും. പാര്‍ക്കിങ്, കുടിവെളള സംവിധാനം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.