വാക്‌സിനില്ലാത്തതിനാല്‍ കശ്മീരില്‍ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് മുടങ്ങുന്നു
ശനിയാഴ്ച കശ്മീരില്‍ വെറും 500 പ്രതിരോധ കുത്തിവയ്പ്പുകളാണ് നല്‍കിയത്. അതോടെ വാക്‌സിന്‍ തീര്‍ന്നു. എന്നാല്‍ അതേ ദിവസം ജമ്മുവില്‍ 14000 പേര്‍ക്ക് കുത്തിവയ്പ് നടത്തി.
ശ്രീനഗര്‍: വാക്‌സിനുകള്‍ ലഭിക്കുന്നതിലെ കാലതാമസം കാരണം കശ്മീരിലെ കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് മന്ദഗതിയിലായതായി 'ഗ്രേറ്റര്‍ കശ്മീര്‍' റിപോര്‍ട്ട് ചെയ്തു. കൊവിഡ് മരണങ്ങളിലും അണുബാധ കേസുകളിലും വര്‍ദ്ധനവുണ്ടായിട്ടും കശ്മീരില്‍ വാക്‌സിന്‍ എത്തിക്കുന്നത് വൈകുകയാണ്. അതേസമയം ജമ്മുവില്‍ ആവശ്യമായത്രയും വാക്‌സിന്‍ തടസ്സമില്ലാതെ ലഭിക്കുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ച കശ്മീര്‍ ഡിവിഷനില്‍ ഒരു വാക്‌സിന്‍ ഇല്ലാത്തതിനാല്‍ ഒരാള്‍ക്കുപോലും കുത്തിവയ്പ്പ് നല്‍കിയില്ല. അതേസമയം, ജമ്മുവില്‍ 8000 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ശനിയാഴ്ച കശ്മീരില്‍ വെറും 500 പ്രതിരോധ കുത്തിവയ്പ്പുകളാണ് നല്‍കിയത്. അതോടെ വാക്‌സിന്‍ തീര്‍ന്നു. എന്നാല്‍ അതേ ദിവസം ജമ്മുവില്‍ 14000 പേര്‍ക്ക് കുത്തിവയ്പ് നടത്തി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വളരെ കുറച്ച് വാക്‌സിനുകളാണ് കശ്മീരിന് ലഭിക്കുന്നതെന്ന് എംസിഎച്ച് & ഇമ്യൂണൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സലീം ഉര്‍ റഹ്മാന്‍ പറഞ്ഞതായി 'ഗ്രേറ്റര്‍ കശ്മീര്‍' റിപോര്‍ട്ട് ചെയ്തു. വാക്‌സിന്‍ ലഭിക്കാത്തതു കാരണം കുത്തിവയ്പ്പ് കേന്ദ്രങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.
ശ്രീനഗറില്‍ തുടക്കത്തില്‍ പത്ത് കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും വാക്‌സിന്‍ ഇല്ലാത്തതു കാരണം ഇവയെല്ലാം അടച്ചുപൂട്ടിയിട്ടുണ്ട്. എന്നാല്‍ ജമ്മുവിലേക്ക് തടസ്സമില്ലാതെ വാക്‌സിന്‍ ലഭിക്കുന്നതിനാല്‍ ഇത്തരം പ്രതിസന്ധികളൊന്നും അവിടെയില്ല. കശ്മീരി പണ്ഡിറ്റുകള്‍ ഭൂരിപക്ഷമുള്ള പ്രദേശമാണ് ജമ്മു.