ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലം പുറത്തുവരുമ്പോള്‍ ഏക മണ്ഡലവും സിപിഎമ്മിന് നഷ്ടമായി. തിയോഗ് മണ്ഡലത്തിലെ സിപിഎം സിറ്റിങ് എംഎല്‍എയായ രാകേഷ് സിംഗയാണ് പരാജയപ്പെട്ടത്. രാകേഷ് സിംഗ നാലാം സ്ഥാനത്താണ് എത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുല്‍ദീപ് സിങ് റാത്തോഡ് ആണ് സിപിഎം മണ്ഡലം പിടിച്ചെടുത്തത്. കുല്‍ദീപിനും ബിജെപി സ്ഥാനാര്‍ഥി അജയ് ശ്യാമിനും സ്വതന്ത്ര സ്ഥാനാര്‍ഥി ഇന്ദു വര്‍മയ്ക്കും പിന്നിലായിരുന്നു സിപിഎം എംഎല്‍എ ഉണ്ടായിരുന്നത്.
12,201 വോട്ടുകളാണ് രാകേഷ് നേടിയത്. കോണ്‍ഗ്രസിന്റെ കുല്‍ദീപ് സിങ്ങ് റാത്തോഡ് 19,447 വോട്ടുകളാണ് നേടിയത്. ബിജെപിയുടെ അജയ് ശ്യാം 14,178 വോട്ടുകളാണ് നേടിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഇന്ദു വര്‍മയ്ക്ക് 13,848 വോട്ടുകളാണ് കിട്ടിയത്. സിപിഎം സ്ഥാനാര്‍ഥി രാകേഷ് സിന്‍ഹ 12,210 വോട്ടുകളാണ് നേടിയത്. നോട്ട 349 വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 11 മണ്ഡലങ്ങളില്‍ മല്‍സരിച്ച സിപിഎമ്മിന് സംസ്ഥാനത്ത് സിപിഎമ്മിന് 0.66 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ആം ആദ്മി പാര്‍ട്ടി 1.10 ശതമാനം വോട്ടുകള്‍ നേടിയിട്ടുണ്ട്.
കോണ്‍ഗ്രസിന് മണ്ഡലത്തില്‍ 43.88 ശതമാനം വോട്ടുകളും ബിജെപിക്ക് 42.99 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. 2017ല്‍ രാകേഷ് സിന്‍ഹയുടെ വിജയത്തിലൂടെയാണ് 24 വര്‍ഷത്തിന് ശേഷം സിപിഎമ്മിന്റെ ഒരു അംഗം ഹിമാചല്‍ നിയമസഭയിലെത്തിയത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ 24,791 വോട്ട് നേടിയാണ് രാകേഷ് സിന്‍ഹ മണ്ഡലം പിടിച്ചത്. ബിജെപിയുടെ രാകേഷ് വര്‍മ 22,808 വോട്ടുകളും നേടിയിരുന്നു. എന്നാല്‍, ഇന്ന് അട്ടിമറി വിജയം നേടിയ കോണ്‍ഗ്രസ് അന്ന് 9,101 വോട്ടുകള്‍ മാത്രമാണ് പിടിച്ചത്.