പെഴ്‌സനല്‍ സ്റ്റാഫിനുള്ള പെന്‍ഷന്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല; ഗവര്‍ണറുമായി സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി
5 വര്‍ഷത്തേക്കാണ് പേഴ്‌സനല്‍ സ്റ്റാഫിന് നിയമനം. അത് 2 വര്‍ഷം കൂടുമ്പോഴാണെന്നത് തെറ്റായ വിവരമാണ്. ഇപ്പോഴാകാം ഗവര്‍ണര്‍ക്ക് പേഴ്‌സനല്‍ സ്റ്റാഫ് പെന്‍ഷന്‍ സംബന്ധിച്ച് വിവരം ലഭിച്ചത്
തിരുവനന്തപുരം: ഗവര്‍ണറുമായി സര്‍ക്കാരിന് നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഒരു സംഘര്‍ഷം സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടന്ന കൂടിക്കാഴ്ച സ്വാഭാവിക നടപടി മാത്രമാണ്. പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിലാണ് സര്‍ക്കാരിന് മുന്‍ഗണന. പൊതുഭരണ സെക്രട്ടറിയെ മാറ്റാന്‍ ഗവര്‍ണര്‍ പറഞ്ഞിട്ടില്ല. ഗവര്‍ണര്‍ സ്വീകരിച്ച നടപടി അദ്ദേഹം തന്നെ പിന്നീട് തിരുത്തുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആരോപണം തള്ളിയ കോടിയേരി, സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയിട്ടില്ലെന്നും അത് മാധ്യമ വ്യാഖ്യാനമാണെന്ന് ഗവര്‍ണര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നുമാണ് പ്രതികരിച്ചത്.
ഗവര്‍ണര്‍ വിഷയത്തില്‍ നല്ല രീതിയിലുള്ള ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലൊരും പ്രശ്‌നം വേണമെന്ന് സിപിഎം ആഗ്രഹിക്കുന്നില്ല. പ്രശ്‌ന പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുക. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേന്ദ്രം പലതും ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അതിനെയൊക്കെ നേരിടുക തന്നെ ചെയ്യും. എന്നാല്‍ ഒരു പ്രശ്‌നമുണ്ടായാല്‍ പരിഹരിക്കുന്നതിനാണ് കേരളാ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും കോടിയേരി പറഞ്ഞു.
പേഴ്‌സനല്‍ സ്റ്റാഫ് പെന്‍ഷന്‍ സംബന്ധിച്ച് തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. 1984 മുതല്‍ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നുണ്ട്. മാറി മാറി വന്ന എല്ലാ ഗവണ്‍മെന്റുകളും അംഗീകരിച്ചതാണിത്. 5 വര്‍ഷത്തേക്കാണ് പേഴ്‌സണല്‍ സ്റ്റാഫിന് നിയമനം. അത് 2 വര്‍ഷം കൂടുമ്പോഴാണെന്നത് തെറ്റായ വിവരമാണ്. ഇപ്പോഴാകാം ഗവര്‍ണര്‍ക്ക് പേഴ്‌സനല്‍ സ്റ്റാഫ് പെന്‍ഷന്‍ സംബന്ധിച്ച് വിവരം ലഭിച്ചത്. കാര്യങ്ങള്‍ മനസിലാക്കാനാണ് ഗവര്‍ണര്‍ ചോദിച്ചതെങ്കില്‍ അതില്‍ തെറ്റില്ലെന്നും ഇക്കാര്യത്തില്‍ മാറ്റം വരുത്താന്‍ പോകുന്നില്ലെന്നും കോടിയേരി വിശദീകരിച്ചു. കാര്യങ്ങള്‍ നടത്തി കൊണ്ടുപോകാന്‍ പേഴ്‌സണല്‍ സ്റ്റാഫ് വേണം. അതുകൊണ്ടാണ് നഗരസഭാ അധ്യക്ഷന്മാര്‍ക്കും പിഎമാരെ നല്‍കുന്നത്.
ഗവര്‍ണര്‍ തെറ്റായ കാര്യങ്ങള്‍ പറയുമ്പോള്‍ അതിനെ സിപിഎം എതിര്‍ത്തിട്ടുണ്ട്. ആ നിലപാട് തുടര്‍ന്നുമുണ്ടാകും. ഇപ്പോള്‍ പ്രശ്‌നമില്ല. എന്നാല്‍ ഇനിയും പ്രശ്‌നമുണ്ടാകില്ലെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന്റെ പ്രധാന ശക്തിയാണ് സിപിഐ. പല വിഷയങ്ങളിലും വ്യത്യസ്തമായ അഭിപ്രായം മുമ്പും സിപിഐ പ്രകടിപ്പിച്ചിട്ടുണ്ട്. അഭിപ്രായ പ്രകടനം കൊണ്ട് സിപിഐ പ്രതിപക്ഷവുമായി ചേര്‍ന്നെന്ന് പറയാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി അറിയിച്ചു.
പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ നീണ്ട ലിസ്റ്റുണ്ടെന്നും അതിനാല്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്നും കോടിയേരി പറഞ്ഞു.