വര്‍ഗീയത സൃഷ്ടിച്ച് അടിസ്ഥാനപ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടുന്നു; ബിജെപിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ നിര്‍ണായക പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ ബിജെപി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വര്‍ഗീയപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും ഗോവ ഇന്‍ചാര്‍ജുമായ ദിനേശ് ഗുണ്ടു റാവു.
ഫെബ്രുവരി 14ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി ഉയര്‍ന്നുവന്ന കോണ്‍ഗ്രസ്, ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷത്തിന്റെ റോള്‍ വഹിക്കുമെന്നും തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം, സംഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ പാര്‍ട്ടി ഒരു യുവ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗുണ്ടു റാവു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
' രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും വളരെ രൂക്ഷമാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ യഥാര്‍ത്ഥത്തില്‍ പരാജയപ്പെട്ടു. അതിനാല്‍ ഈ പ്രശ്‌നങ്ങളെ വര്‍ഗീയ പ്രശ്‌നങ്ങളിലേക്ക് വഴിതിരിച്ചുവിടാനാണ് അവര്‍ ശ്രമിക്കുന്നത്. തൊഴിലില്ലായ്മ, സാമ്പത്തിക വളര്‍ച്ച, വിലക്കയറ്റം എന്നിവയാണ് യഥാര്‍ത്ഥ പ്രശ്‌നങ്ങളെന്നും' അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടെങ്കിലും വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഗൗരവത്തോടെ കാണുമെന്നും റാവു പറഞ്ഞു.
'പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഞങ്ങള്‍ വളരെ ഗൗരവത്തോടെ കാണും, തീര്‍ച്ചയായും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ ഞങ്ങള്‍ അതിനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴത്തെ നേതൃത്വത്തിനു കീഴില്‍ പാര്‍ട്ടി കെട്ടുറപ്പോടെ പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും, അവരില്‍ ഭൂരിഭാഗവും പുതിയതായി എത്തിയ നിയമനങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ട്' - ഗോവയില്‍ ഈ വര്‍ഷം ജൂണിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കാന്‍ പുതിയ യുവ നേതൃത്വം പാര്‍ട്ടിയില്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞങ്ങള്‍ക്ക് ഒരു പുതിയ ടീമും പുതിയ നേതൃത്വവും യുവ നേതൃത്വവും ഉണ്ട്, ഉത്തരവാദിത്തമുള്ള പ്രതിപക്ഷ പാര്‍ട്ടിയായി ഞങ്ങള്‍ പ്രവര്‍ത്തിക്കും. ഞങ്ങള്‍ യുവാക്കളുടെയും ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ ഏറ്റെടുക്കും,' റാവു പറഞ്ഞു.