സംഘപരിവാര അനുകൂലി; എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനം
2016ല്‍ കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന വി മുരളീധരന് വേണ്ടി എംജി ശ്രീകുമാര്‍ പ്രചാരണം നടത്തിയിരുന്നു. കഴക്കൂട്ടത്ത് താമര വിരിയുമെന്ന് അന്ന് ശ്രീകുമാര്‍ അഭിപ്രായപ്പെട്ടിരുന്നു
തിരുവനന്തപുരം: ഗായകന്‍ എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനമുയരുന്നു. സംഘപരിവാര്‍ അനുഭാവിയായ എംജി ശ്രീകുമാറിനെ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ പേജുകളില്‍ വിമര്‍ശനം ശക്തമാണ്. സംവിധായകന്‍ ജിയോ ബേബി, മുന്‍ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ തുടങ്ങിയവരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എംജി ശ്രീകുമാര്‍ മുന്‍പ് നടത്തിയ ബിജെപി അനുകൂല പ്രസ്താവനകള്‍, ബിജെപി വേദികളിലെ ചിത്രങ്ങള്‍ തുടങ്ങിയ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
അങ്ങനെ തീവ്രമായ അന്വേഷണത്തിനൊടുവില്‍ ഒരു നാടകക്കാരനെ കിട്ടുകയാണെന്നാണ് ജിയോ ബേബി പരിഹാസ രൂപേണ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 'സംഘ് സഹയാത്രികന്‍ എം.ജി ശ്രീകുമാര്‍ ഇടത് സര്‍ക്കാറിന്റെ സംഗീത നാടക അക്കാദമി ചെയര്‍മാനാകും' എന്നാണ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
തിരഞ്ഞെടുപ്പുകളില്‍ ബിജെപി വേദികളിലെ സജീവ സാന്നിധ്യമായിരുന്നു എംജി ശ്രീകുമാര്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനൊപ്പം അദ്ദേഹം പ്രചരണത്തില്‍ പങ്കെടുത്തു. കുമ്മനത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ഗാനം ആലപിച്ചതും എംജി ശ്രീകുമാറായിരുന്നു.
2016 ല്‍ കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന വി മുരളീധരന് വേണ്ടിയും എംജി ശ്രീകുമാര്‍ പ്രചാരണം നടത്തിയിരുന്നു. കഴക്കൂട്ടത്ത് താമര വിരിയുമെന്ന് അന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു. കഴക്കൂട്ടത്തെ ബിജെപി വേദിയില്‍ വെച്ച് പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തിയിരുന്നു.
ഭാരതം കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദിയുടെ ഭരണത്തിന് കീഴില്‍ കരുത്ത് പകരാന്‍ കേരളത്തില്‍ താമര വിരിയണമെന്നും എംജി ശ്രീകുമാര്‍ അന്ന് പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങളുള്‍പ്പെടെയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നടി കെപിഎസി ലളിതയുടെ കാലാവധി പൂര്‍ത്തിയായതിന് ശേഷം എംജി ശ്രീകുമാറിനെ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. നിലവിലെ ചെയര്‍മാനായ കമലിന്റെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് രഞ്ജിത്ത് സ്ഥാനമേറ്റെടുക്കുക.