ബലാല്‍സംഗത്തിനിരയായ ദലിത് പെണ്‍കുട്ടി ആത്മഹത്യചെയ്തു; പ്രതി അറസ്റ്റില്‍

Update: 2022-05-05 03:59 GMT

ഫത്തേപൂര്‍: യുപിയിലെ ഫത്തേപൂരില്‍ ബലാല്‍സംഗത്തിനിരയായ പതിനഞ്ച് വയസ്സുള്ള ദലിത് പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. അതേ ഗ്രാമത്തിലെ ഒരു യുവാവാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. യുപി ഫത്തേപൂര്‍ ജില്ലയില്‍ ഛന്ദപൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തിരുന്നതായി പോലിസ് പറഞ്ഞു.

മലവിസര്‍ജനത്തിനായി തൊട്ടടുത്ത വനപ്രദേശത്തേക്ക് പോയ സമയത്താണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതെന്ന് ഫത്തേപൂര്‍ എസ്പി രാജേഷ് കുമാര്‍ സിങ് പറഞ്ഞു. വരേണ്ട സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി. വനപ്രദേശത്തുനിന്ന് തളര്‍ന്നുകിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

കുടുംബം പെണ്‍കുട്ടിയെ സ്വകാര്യ ഡോക്ടറുടെ അടുത്ത് എത്തിച്ചശേഷം വീട്ടിലേക്ക് തിരിച്ചെത്തിച്ചു. പക്ഷേ, താമസിയാതെ പെണ്‍കുട്ടി ബുധനാഴ്ച രാവിലെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്തു. യുവാവിനെ പോലിസ് ചോദ്യം ചെയ്യുന്നുണ്ട്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്കായി അയച്ചിരിക്കുകയാണ്.

Tags:    

Similar News