കലാരംഗത്തെ ജാതി വിവേചനത്തിനെതിരേ പ്രതിഷേധ നൃത്തവുമായി സംസ്‌കാരസാഹിതി
കലാകാരന്‍മാരെ ജാതീയമായി ചവിട്ടി തേക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന കേരളസംഗീത നാടക അക്കാദമി നടപടി അപലപനീയമാണെന്ന് സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
കോഴിക്കോട്: സര്‍ക്കാര്‍ അക്കാദമികളില്‍ അരങ്ങേറുന്ന ജാതിവിവേചനം കേരളീയ നവോത്ഥാനത്തെ കീഴ്‌മേല്‍ മറിക്കുകയാണെന്ന് സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. കലാകാരന്‍മാരെ ജാതീയമായി ചവിട്ടി തേക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന കേരളസംഗീത നാടക അക്കാദമി നടപടി അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
സമകാലിക സാംസ്‌കാരിക കേരളത്തിലെ ജാതി വിവേചനത്തിനെതിരേ പ്രതിഷേധ ജ്വാലയുയര്‍ത്തുന്ന സംസ്‌കാരസാഹിതിയുടെ കനലാട്ടം എന്ന നൃത്ത നാടകത്തിന്റെ ആദ്യ അവതരണം കോഴിക്കോട് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ചെയര്‍മാന്‍ കെ പ്രദീപന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് യു രാജീവന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ പ്രവീണ്‍ കുമാര്‍, പി എം നിയാസ്, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, സംസ്ഥാന സെക്രട്ടറി സുനില്‍ മടപ്പള്ളി, ജില്ല സെക്രട്ടറി ഇ.ആര്‍.ഉണ്ണി, മോഹനന്‍ പുതിയോട്ടില്‍ സംസാരിച്ചു.
നടന്‍ കെ കെ സന്തോഷ് കനലാട്ടത്തിന്റെ രംഗാവിഷ്‌കാരം നടത്തി. ബിന്ദുവേണുഗോപാല്‍, തോമസ് കേളംകൂര്‍ എന്നിവര്‍ ഒരുക്കിയ നൃത്തനാടകത്തിന്റെ രചന നിര്‍വ്വഹിച്ചത് ആര്യാടന്‍ ഷൗക്കത്താണ്.