വൃദ്ധയുടെ മരണം കൊലപാതകം; മരുമകള്‍ മര്‍ദ്ദിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്ന് പോലിസ്
നളിനാക്ഷിയെ മരുമകള്‍ രാധാമണി തലയ്ക്കടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പോലിസ് കണ്ടെത്തല്‍.
കൊല്ലം: കുലശേഖരപുരത്ത് വൃദ്ധയുടെ തീപ്പൊള്ളലേറ്റുള്ള മരണം കൊലപാതകമെന്ന് പോലിസ് സ്ഥിരീകരിച്ചു. കുലശേഖരപുരം സ്വദേശിനി നളിനാക്ഷിയുടെ (86) മരണമാണ് കൊലപാതകമെന്ന് ഒരാഴ്ചയ്ക്കുള്ളില്‍ പോലിസ് സ്ഥിരീകരിച്ചത്. നളിനാക്ഷിയുടെ മരുമകള്‍ രാധാമണിയാണ് കൊലപാതകം നടത്തിയത്. ഇവരെ പോലിസ് എത്തി അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ 29 നാണ് വീട്ടിനുള്ളില്‍ നളിനാക്ഷിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആദ്യ ഘട്ടത്തില്‍ നളിനാക്ഷിയുടേത് ആത്മഹത്യയെന്നായിരുന്നു പോലിസിന്റെ നിഗമനം. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ സംശയമുന്നയിച്ചു. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ തലയില്‍ മുറിവേറ്റിരുന്നുവെന്ന സ്ഥിരീകരണവുമുണ്ടായി. ഇതേത്തുടര്‍ന്ന് പോലിസ് വിശദമായ അന്വേഷണം നടത്തി. ഒടുവിലാണ് മരുകള്‍ കൊലപാതകം നടത്തിയെന്ന് പോലിസ് സ്ഥിരീകരിച്ചത്.
നളിനാക്ഷിയെ മരുമകള്‍ രാധാമണി തലയ്ക്കടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പോലിസ് കണ്ടെത്തല്‍. ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും മരണം സംഭവിച്ച ദിവസം വഴക്കുണ്ടായപ്പോഴാണ് തലക്ക് അടിച്ചതെന്നുമാണ് പോലിസ് കണ്ടെത്തല്‍.
നേരത്തെ വ്യാജ വാറ്റ് കേസില്‍ പ്രതിയായിരുന്നു രാധാമണി.