ദോഹ: ഖത്തറില്‍ സ്‌കൂളിലേക്ക് പുറപ്പെട്ട നാലു വയസ്സുകാരി സ്‌കൂള്‍ ബസ്സിനുള്ളില്‍ മരിച്ച സംഭവത്തില്‍ ദോഹ അല്‍ വക്‌റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ഗര്‍ട്ടനിലെ മൂന്ന് സ്‌കൂള്‍ ജീവനക്കരാര്‍ അറസ്റ്റിലായെന്ന് സൂചന. അറസ്റ്റിലായവരില്‍ ഒരു മലയാളിയുമുണ്ടെന്നാണ് അറിവ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് അതീവപ്രാധാന്യമാണ് നല്‍കുന്നതെന്ന് വിദ്യാഭ്യാസമന്ത്രാലയം വ്യക്തമാക്കി.
സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തെത്തുടര്‍ന്ന് ദോഹ അല്‍ വക്‌റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ഗര്‍ട്ടന്‍ വിദ്യാഭ്യാസ മന്ത്രാലയം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിട്ടുണ്ട്. സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
ഖത്തറില്‍ ഡിസൈനിങ് മേഖലയില്‍ ജോലി ചെയ്യുന്ന ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെയും ഏറ്റുമാനൂര്‍ കുറ്റിക്കല്‍ കുടുംബാംഗമായ സൗമ്യ അഭിലാഷിന്റെയും മകള്‍ മിന്‍സ മറിയം ജേക്കബാണ് ഞാറാഴ്ച്ച മരിച്ചത്. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി ബസ്സിനുള്ളില്‍ ഉറങ്ങിപ്പോയതറിയാതെ ഡ്രൈവര്‍ ഡോര്‍ ലോക്ക് ചെയ്ത് പോവുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ബസ്സിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാലാം പിറന്നാള്‍ ദിനത്തിലായിരുന്നു കുട്ടിയുടെ ദാരുണാന്ത്യം. മിഖയാണ് സഹോദരി.