കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ മരണം 36 ആയി; മൂന്ന് പേർ അറസ്റ്റിൽ, അന്വേഷണം സിബിസിഐഡിക്ക്

Update: 2024-06-20 07:23 GMT

ചെന്നൈ: തമിഴ്‌നാടിനെ ഞെട്ടിച്ച കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. നൂറോളം പേര്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ പലരുടെയും നില അതീവഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

മദ്യ വില്‍പന നടത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഗോവിന്ദ്‌രാജ് എന്ന കണ്ണുക്കുട്ടി, ദാമോദരന്‍, വിജയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗോവിന്ദരാജില്‍ നിന്ന് 200 ലിറ്റര്‍ വിഷം കലര്‍ത്തിയ മദ്യവും പിടികൂടി. പരിശോധനയില്‍ മെഥനോള്‍ എന്ന രാസവസ്തു കലര്‍ത്തിയതായി കണ്ടെത്തി.

സംഭവത്തില്‍ അന്വേഷണം സിബിസിഐഡിക്ക് കൈമാറാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉത്തരവിട്ടു . അഡീഷണല്‍ എസ്പി ഗോമതിക്കാണ് അന്വേഷണ ചുമതല. മന്ത്രിമാരായ എവി വേലുവും എം സുബ്രഹ്മണ്യനും കള്ളകുറിച്ചിയില്‍ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കള്ളക്കുറിച്ചി കലക്ടര്‍ ശ്രാവണ്‍കുമാര്‍ യാദവിനെ സ്ഥലം മാറ്റിയിരുന്നു. എംഎസ് പ്രശാന്തിനാണ് പുതിയ ചുമതല. ജില്ലാ പോലിസ് സൂപ്രണ്ട് സമയ് മീണയുള്‍പ്പെടെ ഒമ്പത് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പകരം എസ്പിയായി രജത് ചതുര്‍വേദി ചുമതലയേറ്റു.

കള്ളക്കുറിച്ചി ജില്ലയിലെ കര്‍ണപുരത്ത് ബുധനാഴ്ചയാണ് ദുരന്തമുണ്ടായത്. പാക്കറ്റുകളിലെത്തിച്ച വിഷമദ്യം കഴിച്ചാണ് ആളുകള്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. വയറിളക്കം, ഛര്‍ദ്ദി, വയറുവേദന, കണ്ണുകളില്‍ പ്രശ്‌നം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കള്ളക്കുറിച്ചി, സേലം, വില്ലുപുരം, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തം ഞെട്ടിക്കുന്നതാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. ദുരന്തം തടയുന്നതില്‍ പരാജയപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. വിഷമദ്യദുരന്തത്തെ കുറിച്ച് പൊതുജനങ്ങള്‍ വിവരം നല്‍കിയാല്‍ അതിലും ഉടന്‍ നടപടിയുണ്ടാകുമെന്നും സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

Tags:    

Similar News