ഡിസംബര്‍ 6 ഫാഷിസ്റ്റ് വിരുദ്ധദിനം; എസ്ഡിപിഐ സയാഹ്‌ന ധര്‍ണ

Update: 2022-12-03 13:38 GMT

കാസര്‍കോട്: '1992 ഡിസംബര്‍ 6 ബാബരി മസ്ജിദ് ധ്വംസനം ഫാഷിസ്റ്റ് വിരുദ്ധദിനം' എന്ന പ്രമേയത്തില്‍ എസ്ഡിപിഐ കാസര്‍കോട് ജില്ലാ കമ്മിറ്റി സായാഹ്‌ന ധര്‍ണ സംഘടിപ്പിക്കും. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വൈകീട്ട് 4.30നാണ് ധര്‍ണ നടക്കുക. സംസ്ഥാന സമിതി അംഗം വി എം ഫൈസല്‍ ധര്‍ണ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിക്കും. സംഘപരിവാര ശക്തികള്‍ ബാബരി മസ്ജിദ് തല്ലിത്തകര്‍ത്ത ഡിസംബര്‍ ആറ് എസ്ഡിപിഐ ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുകയാണ്.

1992 ഡിസംബര്‍ ആറിനാണ് എല്ലാ നിയമക്രമസമാധാന പാലന സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി അക്രമികള്‍ നാലര നൂറ്റാണ്ടുകാലം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരി മസ്ജിദ് തല്ലിത്തകര്‍ത്തത് 2019 നവംബര്‍ ഒമ്പതിന് സുപ്രിംകോടതി തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് ഭൂമി അക്രമികള്‍ക്കുതന്നെ അന്യായത്തില്‍ വിട്ടുകൊടുത്തു.

നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് മസ്ജിദ് തല്ലിത്തകര്‍ത്തവരെ 2020 സപ്തംബര്‍ 30 ന് അലഹബാദ് ജില്ലാ കോടതിയും വെറുതെ വിടുകയും കഴിഞ്ഞ ദിവസം ഹൈക്കോടതി കീഴ്‌ക്കോടതി വിധി ശരിവയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഫാഷിസം സമാധാനത്തിനു ഭീഷണിയാണ്. ഫാഷിസത്തിന്റെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് ഫാഷിസ്റ്റ് വിരുദ്ധ ദിനത്തിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും ജനാധിപത്യവും മനുഷ്യത്വവും തിരിച്ചുപിടിക്കാന്‍ രാജ്യസ്‌നേഹികള്‍ ഐക്യപ്പെടേണ്ടതുണ്ടെന്ന് എസ് ഡിപിഐ ചൂണ്ടിക്കാട്ടി.

Tags:    

Similar News