ആരാധനാലയ സംരക്ഷണ നിയമം നടപ്പിലാക്കുക; ഡിസംബര്‍ ആറ് ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കും: പി അബ്ദുല്‍ ഹമീദ്

Update: 2024-12-05 09:56 GMT

തിരുവനന്തപുരം: രാജ്യത്തെ ഭരണഘടനയെയും മതേതര മൂല്യങ്ങളെയും വെല്ലുവിളിച്ച് ബാബരി മസ്ജിദ് മതഭ്രാന്തര്‍ തല്ലിത്തകര്‍ത്ത ഡിസംബര്‍ ആറിന് ആരാധനാലയ സംരക്ഷണ നിയമം നടപ്പിലാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഫാഷിസ്റ്റ് ദിനമായി ആചരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. ഡിസംബര്‍ ആറിന് സംസ്ഥാനത്ത് ജില്ലാ തലങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കും. ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി (പട്ടാമ്പി-പാലക്കാട്), ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍ (ആലുവ-എറണാകുളം), സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് (കണ്ണൂര്‍), സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ് (മഞ്ചേരി-മലപ്പുറം), തുളസീധരന്‍ പള്ളിക്കല്‍ (തൊടുപുഴ-ഇടുക്കി), സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍ (പയ്യോളി-കോഴിക്കോട്), പി ആര്‍ സിയാദ് (ബാലരാമപുരം- തിരുവനന്തപുരം), പി കെ ഉസ്മാന്‍ (തൃശ്ശൂര്‍), കെ കെ അബ്ദുല്‍ ജബ്ബാര്‍ (കാസര്‍കോട്), സംസ്ഥാന സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത് (തൃക്കുന്നപ്പുഴ-ആലപ്പുഴ), ജോണ്‍സണ്‍ കണ്ടച്ചിറ (പത്തനംതിട്ട), എം എം താഹിര്‍(കോട്ടയം), സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി (മാനന്തവാടി-വയനാട്), സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അജ്മല്‍ ഇസ്മാഈല്‍(ചിന്നക്കട-കൊല്ലം) എന്നിവര്‍ ഫാഷിസ്റ്റ് വിരുദ്ധ സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ജമീല, മഞ്ജുഷ മാവിലാടം, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ അഡ്വ. എ കെ സലാഹുദ്ദീന്‍, വി ടി ഇഖ്റാമുല്‍ ഹഖ്, പ്രവര്‍ത്തക സമിതിയംഗങ്ങളായ അഷ്റഫ് പ്രാവച്ചമ്പലം, ജോര്‍ജ്ജ് മുണ്ടക്കയം, വി കെ ഷൗക്കത്തലി, ടി നാസര്‍ എന്നിവര്‍ വിവിധ പ്രതിഷേധ സംഗമങ്ങളില്‍ സംസാരിക്കും.

1992ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തല്ലിത്തകര്‍ക്കുന്നതിനിടെ 'കാശി മഥുര ബാക്കി ഹേ' എന്ന് അന്ന് അക്രമികള്‍ വിളിച്ച മുദ്രാവാക്യം പ്രാവര്‍ത്തികമാക്കാന്‍ ഭരണകൂട പിന്തുണയോടെ ശക്തമായ നീക്കം നടക്കുകയാണ്. രാജ്യത്ത് ഇത്തരം ഭീകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആരാധനാലയ സംരക്ഷണ നിയമം അഥവാ 'പ്ലേസസ് ഓഫ് വര്‍ഷിപ് ആക്ട് -1991' നിയമം പാസാക്കിയത്. രാജ്യത്തെ ആരാധനാലയങ്ങളുടെ സ്വഭാവം 1947 ആഗസ്ത് 15ന് ഉണ്ടായിരുന്ന അവസ്ഥയില്‍തന്നെ നിലനിര്‍ത്തുമെന്നതായിരുന്നു ആ നിയമം. മേലില്‍ ഒരു ആരാധനാലയത്തിനെതിരെയും തര്‍ക്കമുന്നയിച്ച് ആര്‍ക്കും കോടതിയില്‍ പോവാന്‍ കഴിയില്ല എന്നതായിരുന്നു ആ നിയമം നല്‍കിയ പരിരക്ഷ. എന്നാല്‍, ഈ നിയമത്തെ ദുര്‍ബലമാക്കാനും അതുവഴി സംഘപരിവാരത്തിന്റെ ഉന്മാദ അക്രമ രാഷ്ട്രീയത്തിന് ഊര്‍ജം പകരാനും ഭരണകൂടം ഒത്താശ ചെയ്യുന്നതായി സമീപകാലത്തെ പല അനുഭവങ്ങളും വ്യക്തമാക്കുന്നു.

യുപിയിലെ ശാഹീ ജാമിഅ് മസ്ജിദ്, കാശിയിലെ ഗ്യാന്‍ വ്യാപി മസ്ജിദ്, മധുര ഷാഹി ഈദ് ഗാഹ് മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗ, ഡെല്‍ഹി ജുമാ മസ്ജിദ് തുടങ്ങി തലയെടുപ്പുള്ള മസ്ജിദുകളെല്ലാം ബാബരിക്കു സമാനമായി തകര്‍ത്തെറിയാനുള്ള ഗൂഢ പദ്ധതികളാണ് അരങ്ങേറുന്നത്. സംഭല്‍ ജില്ലയില്‍ ചന്ദൗസി നഗരത്തിലെ ശാഹി ജുമാമസ്ജിദില്‍ അന്യായമായി സര്‍വേ നടത്തിയതില്‍ പ്രതിഷേധിച്ച ആറ് യുവാക്കളെ നിഷ്‌കരണം പോലിസ് വെടിവെച്ചു കൊല്ലുകയും ലക്ഷക്കണക്കിനു രൂപയുടെ സ്വത്തുനാശം ഉണ്ടാക്കുകയും സ്ത്രീകള്‍ അടക്കമുള്ള നൂറുകണക്കിന് ആളുകളെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയുമാണ്. ആദ്യം ഹരജി, പിന്നീട് കോടതി അനുമതിയോടെ സര്‍വേ, അടച്ചു പൂട്ടല്‍, പൂജ തുടങ്ങി അവിടെ ആരാധന നടത്തിയിരുന്ന മുസ് ലിംകളെ ആട്ടിപ്പായിച്ച് കൈയടക്കുക എന്ന തന്ത്രമാണ് സംഘപരിവാരം പയറ്റുന്നത്. ഇരകളാക്കപ്പെടുന്നവര്‍ക്ക് നീതി അന്യമാക്കപ്പെടുന്നു എന്നതും ഭയാശങ്ക സൃഷ്ടിക്കുന്നതാണ്. 1991ലെ ആരാധനാലയ നിയമം നടപ്പിലാക്കുക മാത്രമാണ് രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള ഏക പോംവഴിയെന്നും പി അബ്ദുല്‍ ഹമീദ് പറഞ്ഞു.

Tags:    

Similar News