പോപുലര്‍ ഫ്രണ്ടിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം: എ എ റഹീമിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു

റഹീമിന്റെ പരാമര്‍ശങ്ങള്‍ സംഘടനക്ക് അപമാനകരമാണെന്നും സംഘടനയെ താറടിക്കുന്നതാണെന്നും കാണിച്ച് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി പി റഫീഖ് വ്യാഴാഴ്ച്ചയാണ് മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്.

Update: 2020-10-09 16:11 GMT

മലപ്പുറം:പോപുലര്‍ഫ്രണ്ടിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി പി റഫീഖിന്റെ പരാതിയില്‍ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിക്കെതിരേ കേസെടുക്കാന്‍ ആവശ്യപ്പെട്ടത്.

മനോരമ ന്യൂസ് ചാനലില്‍ 2020 ജൂലൈ 14ന് നടത്തിയ കൗണ്ടര്‍ പോയന്റ് പ്രോഗ്രാമിലാണ് എ എ റഹിം പോപുലര്‍ഫ്രണ്ടിനെതിരേ അടിസ്ഥാന രഹിതവും അപകീര്‍ത്തികരവുമായ ആരോപണം ഉന്നയിച്ചത്. സ്വര്‍ണ്ണക്കടത്തു സംബന്ധിച്ച ചര്‍ച്ചയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എ എ റഹിം തുടങ്ങിയവരാണ് പങ്കെടുത്തത്. സ്വര്‍ണ്ണക്കടത്തിന് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നും അതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പോപുലര്‍ഫ്രണ്ടാണെന്നും ചര്‍ച്ചയില്‍ എ എ റഹിം പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ പോപുലര്‍ഫ്രണ്ട് സംശയത്തിന്റെ നിഴലിലാണെന്നും റഹിം പറഞ്ഞു. ചര്‍ച്ചക്കിടയില്‍ പോപുലര്‍ഫ്രണ്ടിനെ കുറിച്ച് എ എ റഹിം പരാമര്‍ശിച്ചപ്പോള്‍ സ്വര്‍ണക്കടത്തില്‍ സര്‍ക്കാറിന്റെ പങ്കാണ് ചര്‍ച്ചാ വിഷയമെന്നും അതിലേക്ക് തിരിച്ചുവരണമെന്നും അവതാരക ഷാനി പ്രഭാകര്‍ ആവശ്യപ്പെട്ടിരുന്നു.

റഹീമിന്റെ പരാമര്‍ശങ്ങള്‍ സംഘടനക്ക് അപമാനകരമാണെന്നും സംഘടനയെ താറടിക്കുന്നതാണെന്നും കാണിച്ച് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി പി റഫീഖ് വ്യാഴാഴ്ച്ചയാണ് മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്തുവാനും രാജ്യദ്രോഹ ശക്തികള്‍ക്ക് ഒത്താശ ചെയ്ത് നുണക്കഥകള്‍ മെനഞ്ഞുണ്ടാക്കി കേസന്വേഷണം വഴിതിരിച്ചു വിടാനുമാണ് റഹിം ശ്രമിച്ചതെന്നും പരാതിയില്‍ ബോധിപ്പിച്ചിരുന്നു. കേസന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമത്തിനു കാരണം സ്വര്‍ണക്കടത്തു കേസിലുള്ള പ്രതിയുടെ പങ്കാണെന്ന്‌ സംശയിക്കുന്നതായും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

പരാതി സ്വീകരിച്ച കോടതി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കൊണ്ടോട്ടി പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഐപിസി 153 (എ) 153 (ബി) 295 (എ) 500 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. പരാതിക്കാരനു വേണ്ടി അഡ്വ. കെപി മുഹമ്മദ് ഷരീഫ്, അഡ്വ. അബ്ദുല്‍ ശുക്കൂര്‍ എന്നീവരാണ് ഹാജരായത്.

Tags:    

Similar News