ലാസിയോക്കെതിരേ തോല്‍വി; ബയേണ്‍ താരം ഡയോട്ട് ഉപമെകാനോവിന് നേരെ വംശീയാധിക്ഷേപം
റോം: ചാംപ്യന്‍സ് ലീഗ് പ്രമുഖരായ ബയേണ്‍ മ്യൂണിക് ഇറ്റാലിയന്‍ ക്ലബ് ലാസിയോയോട് പ്രീ ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ തോല്‍വി വഴങ്ങിയതിനെ തുടര്‍ന്ന് പ്രതിരോധ താരം ഡയോട്ട് ഉപമെകാനോവിന് നേരെ സമൂഹ മാധ്യമങ്ങളില്‍ വംശീയാധിക്ഷേപം. 65ാം മിനിറ്റില്‍ ലാസിയോയുടെ ഗുസ്താവ് ഇസാക്‌സന്റെ ഗോള്‍ ശ്രമം തടയുന്നതിനിടെ ഫ്രഞ്ച് താരമായ ഉപമെകാനോ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായിരുന്നു. ഇതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റിയില്‍ സീറോ ഇമ്മൊബിലെ ലക്ഷ്യം കാണുകയും ലാസിയോക്ക് വിജയം നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് ആരാധകര്‍ ഫ്രഞ്ചുകാരനെതിരെ രൂക്ഷമായ വംശീയാധിക്ഷേപവുമായി രംഗത്തെത്തിയത്.
ഇതോടെ താരത്തിന് പിന്തുണയുമായി ബയേണ്‍ മ്യൂണിക് രംഗത്തെത്തി. 'സമൂഹ മാധ്യമങ്ങളില്‍ ഡയോട്ട് ഉപമെക്കാനോക്കെതിരെ നടക്കുന്ന വംശീയ പരാമര്‍ശങ്ങളെ ബയേണ്‍ ശക്തമായി അപലപിക്കുന്നു. ഇതുപോലുള്ള വിദ്വേഷകരമായ വാക്കുകള്‍ കമന്റ് ചെയ്യുന്ന ആരും ഞങ്ങളുടെ ക്ലബിന്റെ ആരാധകരല്ല' -ബയേണ്‍ എക്‌സില്‍ കുറിച്ചു. റോമിലെ ഒളിമ്പിക്കൊ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒറ്റ ഗോളിനാണ് ബയേണ്‍ പരാജയപ്പെട്ടത്.
ഇന്ന് നടന്ന ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ മറ്റൊരു മല്‍സരത്തില്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ സോസിഡാഡിനെ പിഎസ്ജി എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയിരുന്നു.