കൂറുമാറ്റം; പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി

Update: 2022-08-06 12:29 GMT

തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമപ്രകാരം എറണാകുളം ജില്ലയിലെ കീരമ്പാറ ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം ഷീബാ ജോര്‍ജിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അയോഗ്യയാക്കി. നിലവില്‍ പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശസ്ഥാപനങ്ങളിലേക്ക് ആറ് വര്‍ഷത്തേക്ക് മല്‍സരിക്കുന്നതിനുമാണ് വിലക്ക്. കീരമ്പാറ ഗ്രാമപ്പഞ്ചായത്തില്‍ 2020 ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ആറാം വാര്‍ഡില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച ശേഷം ഷീബാ ജോര്‍ജ് രാഷ്ട്രീയ പാര്‍ട്ടിയുടെയും മുന്നണിയുടെയും പിന്തുണയോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

അംഗം നല്‍കിയ സത്യപ്രസ്താവനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഞ്ചായത്തിലെ കക്ഷിബന്ധ രജിസ്റ്ററില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെയും മുന്നണിയുടെയും ഔദ്യോഗിക സ്ഥാനാര്‍ഥിയായിട്ടാണ് മല്‍സരിച്ച് വിജയിച്ചതെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ കീരമ്പാറ ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗം മാമച്ചന്‍ ജോസഫ് നല്‍കിയ ഹരജിയാണ് കൂറുമാറ്റ നിരോധന നിയമത്തിലെ 3(1) (സി), 4(3) ചട്ടങ്ങള്‍ പ്രകാരം കമ്മീഷന്‍ തീര്‍പ്പാക്കിയത്.

Tags:    

Similar News