ആറു കൊലക്കേസ് ഉള്‍പ്പടെ 35 കേസുകളിലെ പ്രതി ബിജെപിയില്‍ ചേരാനെത്തി: പോലീസിനെ കണ്ടതോടെ രക്ഷപ്പെട്ടു
പോലിസിന്റെ 'മോസ്റ്റ് വാണ്ടട്' ക്രിമിനലുകളില്‍ ഒരാളായ സൂര്യ ബിജെപി പരിപാടിക്ക് എത്തുമെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചെങ്കല്‍പ്പേട്ട് പൊലീസ് സംഘം വേദിക്ക് ചുറ്റും നിലയുറപ്പിച്ചിരുന്നു.
ചെന്നൈ: ബിജെപിയില്‍ ചേരാനെത്തിയ കൊടും കുറ്റവാളി സദസ്സില്‍ പൊലീസിനെ കണ്ടതോടെ രക്ഷപ്പെട്ട് ഓടി. ആറു കൊലപാതകം ഉള്‍പ്പടെ 35 കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട 'റെഡ് ഹില്‍സ്' സൂര്യയാണ് ബിജെപിയില്‍ ചേരാനെത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍.മുരുഗന്‍ കൊടുംക്രിമിനലിന് പാര്‍ട്ടി അംഗത്വം നല്‍കാനെത്തിയിരുന്നു. തമിഴ്‌നാട്ടിലെ വാണ്ടല്ലൂരില്‍ ബിജെപി സംഘടിപ്പിച്ച ചടങ്ങിനിടെയാണ് സംഭവം.
പോലിസിന്റെ 'മോസ്റ്റ് വാണ്ടട്' ക്രിമിനലുകളില്‍ ഒരാളായ സൂര്യ ബിജെപി പരിപാടിക്ക് എത്തുമെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചെങ്കല്‍പ്പേട്ട് പൊലീസ് സംഘം വേദിക്ക് ചുറ്റും നിലയുറപ്പിച്ചിരുന്നു. പോലീസിനെ വെട്ടിച്ചു നടക്കുന്ന പ്രതി എത്തിയാലുടന്‍ അറസറ്റ് ചെയ്യാനായിരുന്നു നീക്കം. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പരിപാടിയായതിനാല്‍ പോലീസ് ഇടപെടില്ലെന്നായിരുന്നു ധാരണ. പക്ഷേ പോലീസ് സംഘം വേദി വളഞ്ഞത് കണ്ടതോടെ സൂര്യ കാറില്‍ കയറി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന നാല് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കൊലപാതകം, കൊലപാതകശ്രമം, സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സൂര്യ. തമിഴ്‌നാട്ടില്‍ നേരത്തെ മൂന്ന് ഗുണ്ടാ നേതാക്കള്‍ക്ക് ബിജെപി അംഗത്വം നല്‍കി കൂടെക്കൂട്ടിയിരുന്നു.