ഡെറാഡൂണ്‍: ഐഎസ്ബിടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിനുള്ളില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ ഉത്തരാഖണ്ഡ് പോലിസ് അറസ്റ്റ് ചെയ്തു. കേസ് അന്വേഷണത്തിനായി എസ്പി പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ എട്ടംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു. പോലിസ് പറയുന്നതനുസരിച്ച് ആഗസ്ത് 12ന് ബസ് ഡല്‍ഹിയിലെ കശ്മീരി ഗേറ്റില്‍ നിന്ന് വൈകീട്ട് 4.30 പുറപ്പെട്ട് രാത്രി 10.30 ക്ക്് ഡെറാഡൂണില്‍ എത്തി. യുപിയിലെ മൊറാദാബാദ് സ്വദേശിയായ യുവതി അതേ വാഹനത്തില്‍ ഐഎസ്ബിടി പാര്‍ക്കിങ് സ്ഥലത്ത് കൂട്ടബലാല്‍സംഗത്തിനിരയായി. പുലര്‍ച്ചെ ഒരു ഗാര്‍ഡ് പെണ്‍കുട്ടിയെ കാണുകയും തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുകയും അവര്‍ സംഭവസ്ഥലത്തെത്തി രക്ഷപ്പെടുത്തുകയും ചെയ്തു. നാല് ദിവസം കൗണ്‍സിലിങ് നല്‍കി വിശദമായ വിവരങ്ങള്‍ ലഭിച്ച പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പെണ്‍കുട്ടി സഞ്ചരിച്ച ബസിന്റെ ഡ്രൈവര്‍ ധര്‍മേന്ദ്ര കുമാര്‍(32), കണ്ടക്ടര്‍ ദേവേന്ദ്ര(52), മറ്റൊരു സര്‍ക്കാര്‍ ബസിലെ ഡ്രൈവര്‍ രവികുമാര്‍(34), മൂന്നാമത്തെ സര്‍ക്കാര്‍ ബസിലെ ഡ്രൈവര്‍ എസ് രാജ് പാല്‍(57), കണ്ടക്ടര്‍ രാജേഷ് കുമാര്‍ സോങ്കര്‍(38) എന്നീ അഞ്ച് പ്രതികള്‍ക്കെതിരേയാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കുമാറിനെ പിടികൂടിയതെന്നും ചോദ്യം ചെയ്യലിനിടെ പേരുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തതെന്നും പോലിസ് പറഞ്ഞു. പിന്നീട് എല്ലാവരും കുറ്റം സമ്മതിച്ചതായും പോലിസ് അറിയിച്ചു.