അഭിനവ് ഭാരത് രാജ്യ വ്യാപകമായി ബോംബ് നിര്‍മാണ ക്യാംപുകള്‍ സംഘടിപ്പിച്ചെന്ന് പോലിസ്; മലയാളിയായ സുരേഷ് നായരും പങ്കെടുത്തു

ഗൗരി ലങ്കേഷ് വധക്കേസില്‍ ബംഗളൂരു കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്.

Update: 2019-05-09 12:39 GMT

ബെംഗളൂരു: രാജ്യത്തെ നടുക്കിയ നിരവധി സ്‌ഫോടനക്കേസുകളില്‍ പ്രതിസ്ഥാനത്തുള്ള അഭിനവ് ഭാരതിന്റെ ഒളിവില്‍ കഴിയുന്ന നാല് പ്രവര്‍ത്തകര്‍ സനാതന്‍ സന്‍സ്തയ്ക്കു വേണ്ടി ഇന്ത്യയിലുടനീളം ബോംബ് നിര്‍മാണ ക്യാംപുകള്‍ നടത്തിയെന്ന് കര്‍ണാടക പോലിസ്. ഗൗരി ലങ്കേഷ് വധക്കേസില്‍ ബംഗളൂരു കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്.

2011നും 2016നും ഇടയിലാണ് ഈ ബോംബ് നിര്‍മാണ പരിശീലനക്കളരികള്‍ സംഘടിപ്പിച്ചത്. സംഝോത എക്‌സ്പ്രസ്, മെക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ, മാലേഗാവ് തുടങ്ങി രാജ്യത്ത് നടന്ന സ്‌ഫോടനക്കേസുകളില്‍ പ്രതിപട്ടികയിലുള്ളവരാണ് ബോംബ് പരിശീലന ക്യാംപ് സംഘടിപ്പിച്ച ഈ നാലു പേരും.ബോംബ് നിര്‍മാണ ക്യാംപുകളില്‍ ഒരു 'ബാബജി'യും നാല് 'ഗുരുജി' മാരും പങ്കെടുത്തിരുന്നതായി ഗൗരി ലങ്കേഷ് കേസില്‍ അറസ്റ്റിലായ മൂന്ന് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരും ബോംബ് നിര്‍മാണ ക്യാംപുകളില്‍ പങ്കെടുത്ത നാല് സാക്ഷികളും മൊഴി നല്‍കിയിട്ടുണ്ട്.

ഇതില്‍ ബാബജി എന്ന് പറയുന്നത് അജ്മീര്‍ സ്‌ഫോടനക്കേസിലെ പ്രതിയും 2018 നവംബറില്‍ അറസ്റ്റിലുമായ മലയാളിയായ സുരേഷ് നായരാണ്.'ബാബാജി'യെ കുറിച്ചുള്ള വിവരങ്ങള്‍ ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ ശ്രീകാന്ത് പന്‍ഗര്‍ക്കര്‍, ശരദ് കലസ്‌കര്‍, വസുദേവ് സൂര്യവംശി എന്നിവരില്‍ നിന്നാണ് ലഭിച്ചത്.ക്യാംപുകളില്‍ പങ്കെടുത്ത മൂന്ന് ബോംബ് നിര്‍മാണ വിദഗ്ധര്‍ സന്ദീപ് ഡാങ്കെ, രാംജി കല്‍സന്‍ഗ്ര, അശ്വനി ചൗഹാന്‍ എന്നിവരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. സുരേഷ് നായരാണ് എസ്‌ഐടിയ്ക്ക് മുമ്പാകെ മൂന്നു പേരെയും തിരിച്ചറിഞ്ഞത്. ബോംബ് വിദഗ്ധനായ മറ്റൊരാള്‍ ബംഗാളില്‍ നിന്നുള്ള ഭവാനി സേന എന്ന സംഘടനയുടെ പ്രവര്‍ത്തകനായ പ്രതാപ് ഹസ്ര എന്നയാളാണ്.

ആര്‍എസ്എസ് മുന്‍ പ്രചാരകനായിരുന്ന ഡാങ്കെയ്‌ക്കെതിരേ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസുണ്ട്. ഡാങ്കെ രാംജി കല്‍സന്‍ഗ്ര എന്നിവരെ കണ്ടെത്തുന്നതിന് 10 ലക്ഷം രൂപയും അശ്വനി ചൗഹാന് 5 ലക്ഷം രൂപയും എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു. ആയുധ പരിശീലനത്തിനായി സനാതന്‍ സന്‍സ്ത രാജ്യത്ത് 19 സ്ഥലങ്ങളില്‍ ക്യാംപ് സംഘടിപ്പിച്ചു. അഭിനവ് ഭാരത് ജല്‍ന, മംഗളൂരു, അഹമ്മദാബാദ്, നാസിക്ക് എന്നീ അഞ്ച് സ്ഥലങ്ങളിലായി ക്യാംപ് നടത്തിയതായും റിപോര്‍ട്ടിലുണ്ട്. ഈ ക്യാംപുകളില്‍ ധബോല്‍ക്കര്‍, പന്‍സാരെ, ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി വധക്കേസ് പ്രതികള്‍ക്കടക്കം ഡസന്‍ കണക്കിന് പേര്‍ക്ക് പരിശീലനം നല്‍കിയെന്നും പോലിസ് പറയുന്നു. 2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ 14 പ്രതികളില്‍ ഒരാളായ പ്രഗ്യാ സിങ് ഠാക്കൂറിന് ഒളിവില്‍ പോയ അഭിനവ് ഭാരതിലെ റാംജി കല്‍സിങ്കര, സന്ദീപ് ഡാംഗെ എന്നിവരുമായി ബന്ധമുണ്ടെന്നും റിപോര്‍ട്ടുണ്ട്.

Tags:    

Similar News