കല്‍ബുര്‍ഗിയെ വധിച്ചവരെ തിരിച്ചറിഞ്ഞു; ലങ്കേഷിനെ കൊലപ്പെടുത്തിയ അതേ സംഘം

2017ല്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊന്ന 27കാരനും 2018 ജൂണില്‍ ബെല്‍ഗാവില്‍ പത്മാവദ് പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ ആക്രമിച്ച കേസിലെ പ്രതിയും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് എസ്‌ഐടി വ്യക്തമാക്കി.

Update: 2019-06-02 09:21 GMT

ബംഗളൂരു: കന്നഡ സാഹിത്യകാരനും ഹിന്ദുത്വ വിമര്‍ശകനുമായ കല്‍ബുര്‍ഗിയെ കൊന്നവരെ പ്രത്യേകാന്വേഷണ സംഘം തിരിച്ചറിഞ്ഞു. 2017ല്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊന്ന 27കാരനും 2018 ജൂണില്‍ ബെല്‍ഗാവില്‍ പത്മാവദ് പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ ആക്രമിച്ച കേസിലെ പ്രതിയും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് എസ്‌ഐടി വ്യക്തമാക്കി.

സനാതന്‍ സന്‍സ്ത എന്ന ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകനായ പ്രവീണ്‍ പ്രകാശ് ചതുര്‍ എന്ന മസാലവാലയെ ബെല്‍ഗാവിയിലെ പ്രകാശ് തിയേറ്റര്‍ ആക്രമിച്ചതിന്റെ പേരില്‍ ഏപ്രിലിലാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കല്‍ബുര്‍ഗി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച്ച കസ്റ്റഡിയില്‍ എടുത്തു. കല്‍ബുര്‍ഗിയെ ദാര്‍വാഡിലെ വീടിന് മുന്നില്‍ വച്ച് വെടിവച്ച് കൊന്നവരില്‍ രണ്ടാമന്‍ ഗണേഷ് മിസ്‌കിന്‍ എന്നയാളാണെന്നും എസ്‌ഐടി തിരിച്ചറിഞ്ഞു.

ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന പരശുറാം വാഗ്മോറിനെ മോട്ടോര്‍ സൈക്കിളില്‍ ലങ്കേഷിന്റെ വീട്ടിലെത്തിച്ചത് മിസ്‌കിന്‍ ആണെന്ന് 2018 നവംബറില്‍ സമര്‍പ്പിച്ച കേസിലെ കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കര്‍ണാടക സിഐഡി അറസ്റ്റ് ചെയ്ത വേളയിലാണ് മിസ്‌കിന് കല്‍ബുര്‍ഗി വധവുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്.

ലങ്കേഷ് കേസിലെ പ്രധാന പ്രതിയായ അമോല്‍ കാലെയെ കല്‍ബുര്‍ഗി വധത്തിലെ പങ്കിന്റെ പേരില്‍ മെയ് 28ന് എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു. ധാര്‍വാഡിലെ കോടതിയില്‍ ഹാജരാക്കിയ ചതുറിനെ ജൂണ്‍ 7വരെ കസ്റ്റഡിയില്‍ വാങ്ങിയതായി എസ്‌ഐടി അറിയിച്ചു.

ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന എസ്‌ഐടിയെ 2019 ഫെബ്രുവരിയില്‍ സുപ്രിംകോടതിയാണ് കല്‍ബുര്‍ഗി കേസ് അന്വേഷണവും ഏല്‍പ്പിച്ചത്. കല്‍ബുര്‍ഗിയുടെ ഭാര്യ സമര്‍പ്പിച്ച ഹരജിയിലായിരുന്നു വിധി. രണ്ട് കൊലപാതകവും സമാനമായ തോക്ക് ഉപയോഗിച്ചാണ് നടത്തിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ഇത്. ലങ്കേഷ് വധത്തിന് മോഷ്ടിച്ച മോട്ടോര്‍ സൈക്കിള്‍ നല്‍കിയ മോട്ടോര്‍സൈക്കിള്‍ മെക്കാനിക്ക് വസുദേവ് സൂര്യവന്‍ന്‍ഷി തന്നെയാണ് കല്‍ബുര്‍ഗി വധത്തിലും മോട്ടോര്‍ സൈക്കള്‍ നല്‍കിയതെന്നും കണ്ടെത്തിയിരുന്നു.

ചതുറും മിസ്‌കിനും 2015 ആഗ്‌സത് 30ന് മോട്ടോര്‍ സൈക്കിളില്‍ കല്‍ബുര്‍ഗിയുടെ വസതിയില്‍ എത്തിയാണ് കൃത്യം നടത്തിയെന്ന് പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. ചതുറാണ് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചത്. മിസ്‌കിന്‍ വെടിയുതിര്‍ത്തു. രണ്ടു പേരെയും സംഭവ ദിവസവും ഗൂഡാലോചന നടത്തിയ ദിവസവും ഒരുമിച്ചു കണ്ടതായി സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

കല്‍ബുര്‍ഗിയുടെ കൊലപാതകം ഗൗരി ലങ്കേഷിന്റെതില്‍ നിന്ന് വ്യത്യസ്തമായി അധികം ആസൂത്രണമില്ലാതെ ഒരു ചെറുസംഘമാണ് നടപ്പാക്കിയത്. സംഭവത്തില്‍ നിരവധി പഴുതുകള്‍ ഉണ്ടായിരുന്നതിനാല്‍ പ്രതികളെ എളുപ്പം തിരിച്ചറിയാനായതായും അന്വേഷണ സംഘം വ്യക്തമാക്കി.

സനാതന്‍ സന്‍സ്ത 2014-2015 വര്‍ഷങ്ങളില്‍ മഹാരാഷ്ട്രയിലും കര്‍ണാടകയിലും നടത്തിയ മൂന്ന് ആയുധ, സ്‌ഫോടക വസ്തു പരിശീലന ക്യാംപുകളില്‍ ചതുര്‍ പങ്കെടുത്തിരുന്നതായി ഗൗരി ലങ്കേഷ് കേസിന്റെ അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു. ഇതില്‍ ബോംബിന്റെ സര്‍ക്യട്ട് നിര്‍മിക്കുന്നതിന് പരിശീലകനായി എത്തിയവരില്‍ ഒരാള്‍ മലയാളിയായ സുരേഷ് നായരായിരുന്നു. 2018 നവംബറില്‍ ഗുജറാത്തിലാണ് അഭിനവ് ഭാരത് അംഗമായ സുരേഷ് നായര്‍ അറസ്റ്റിലായത്. 2006നും 2008നും ഇടയില്‍ നടന്ന നിരവധി സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നയാളാണ് സുരേഷ് നായര്‍.  

Tags:    

Similar News