തെലങ്കാനയിലെ 'ഓപറേഷന്‍ താമര': സിബിഐക്ക് വിടണമെന്ന ആവശ്യം കോടതി തള്ളി; സിറ്റിങ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം

Update: 2022-11-16 04:01 GMT

ഹൈദരാബാദ്: തെലങ്കാനയിലെ 'ഓപറേഷന്‍ താമര' കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത് ബിജെപിയിലേക്ക് കൂറുമാറ്റാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണം ഒരു സിറ്റിങ് ജഡ്ജിയുടെ മേല്‍നോട്ടത്തിലാക്കാന്‍ തെലങ്കാന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. തെലങ്കാന പോലിസിന്റെ പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നുമുള്ള ബിജെപിയുടെ ആവശ്യം കോടതി തള്ളി. തെലങ്കാന ചീഫ് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.

തെലങ്കാന പോലിസിന്റെ പ്രത്യേക സംഘത്തിന് അന്വേഷണം തുടരാനും പുരോഗതി റിപോര്‍ട്ട് നവംബര്‍ 29 ന് കോടതിയില്‍ മാത്രം സമര്‍പ്പിക്കാനും ബെഞ്ച് നിര്‍ദേശം നല്‍കി. ടിആര്‍എസ് നേതൃത്വത്തിലുള്ള സംസ്ഥാനം രൂപീകരിച്ച എസ്‌ഐടിയില്‍ പാര്‍ട്ടിക്ക് വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐയുടെ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജി പ്രേമേന്ദര്‍ റെഡ്ഡിയാണ് പുനപ്പരിശോധനാ ഹരജി നല്‍കിയത്. ഹൈദരാബാദ് പോലിസ് കമ്മീഷണര്‍ സി വി ആനന്ദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം തുടരാനും ബെഞ്ച് അനുമതി നല്‍കി.

അന്വേഷണ വിവരങ്ങള്‍ പുറത്തുപോവരുതെന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്. ഇതില്‍ ബാഹ്യ ഇടപെടലുകളുണ്ടാവാന്‍ പാടില്ല. എസ്എടി സ്വതന്ത്രമായി പ്രവര്‍ത്തിക്കണം. കേസ് വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടെയുള്ള ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളുമായി പങ്കുവയ്ക്കരുത്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കരുത്. അന്വേഷണ പുരോഗതി മുദ്രവച്ച കവറില്‍ സിംഗിള്‍ ജഡ്ജിക്ക് നല്‍കണം. നിര്‍ദേശങ്ങള്‍ എസ്എടി തലവന്‍ ഉറപ്പാക്കണമെന്നും തെലങ്കാന ഹൈക്കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലൂടെ അന്വേഷണം പരസ്യമാക്കിയ രീതിയിലും ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി, സുതാര്യതയും നീതിയും സംരക്ഷിക്കാന്‍ അത് രഹസ്യമായിരിക്കണമെന്ന് കോടതി പറഞ്ഞു. തെറ്റ് ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിക്ക് ഉറപ്പുനല്‍കി.

അതേസമയം, തെലങ്കാനയില്‍ ബിജെപിക്കെതിരേ 'ഓപറേഷന്‍ താമര' ആരോപണം ആവര്‍ത്തിച്ച് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു രംഗത്തെത്തി. എംഎല്‍എമാരെ പണം നല്‍കി ചാക്കിലാക്കാന്‍ ബിജെപി നടത്തിയ ശ്രമത്തിന്റെ വീഡിയോ, കോള്‍ റെക്കോര്‍ഡിങ് തെളിവുകളടക്കം പുറത്തുവിട്ടാണ് കെസിആര്‍ 'ഓപറേഷന്‍ താമര' ആരോപണം ഉന്നയിച്ചത്. തെലങ്കാനയില്‍ ടിആര്‍എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ ബിജെപി ശ്രമിച്ചെന്നാണ് കെസിആര്‍ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോടികളുമായി മൂന്നുപേരെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവന്‍ ഓപറേഷന്റെയും ചുമതല തുഷാര്‍ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. കേസില്‍ അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിറെ ബന്ധപ്പെട്ടതിന്റെ ഫോണ്‍വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. തുഷാര്‍, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെസിആര്‍ ആരോപിച്ചിരുന്നു.

കെസിആറിന്റെ ആരോപണം ബിജെപിയും തുഷാര്‍ വെള്ളാപ്പള്ളിയും തള്ളിയതിന് പിന്നാലെ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. ടി ആര്‍ എസിന്റെ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്താമെന്ന് ശബ്ദരേഖയില്‍ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നുണ്ട്. ബി എല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നും ശബ്ദരേഖയില്‍ തുഷാര്‍ പറയുന്നുണ്ട്.

Tags:    

Similar News