ഡല്‍ഹി സര്‍ക്കാരിന് ഓക്‌സിജന്‍ നല്‍കിയില്ല; ഓക്‌സിജന്‍ ഉദ്പാദക കമ്പനിക്ക് ഡല്‍ഹി ഹൈക്കോടതി കോടതി അലക്ഷ്യ നോട്ടിസ് അയച്ചു

Update: 2021-04-21 05:16 GMT

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ട ഓക്‌സിജന്‍ നല്‍കാതിരുന്ന ഓക്‌സിജന്‍ ഉദ്പാദക കമ്പനിയായ ഇനോക്‌സിന് ഡല്‍ഹി ഹൈക്കോടതി കോടതി അലക്ഷ്യ നോട്ടിസ് അയച്ചു.

ഡല്‍ഹി സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് 140 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഡല്‍ഹി സര്‍ക്കാരിന് നല്‍കണമെന്ന് ഏപ്രില്‍ 19ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഡല്‍ഹി സര്‍ക്കാരിന്റെ കൗണ്‍സല്‍ അഡ്വ. രാഹുല്‍ മേത്ത കഴിഞ്ഞ ദിവസം ഇനോക്‌സ് ഹൈക്കോടതി ഉത്തരവനുസരിച്ച് ഓക്‌സിജന്‍ നല്‍കിയില്ലെന്നും ഡല്‍ഹി സംസ്ഥാനത്ത് ഓക്‌സിജന്‍ ദൗര്‍ലഭ്യം രൂക്ഷമാണെന്നും കോടതിയെ അറിയിച്ചു. പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജനാണ് സംസ്ഥാനത്ത് ആവശ്യം. ഇതനുസരിച്ചാണ് ജസ്റ്റിസ്സുമാരായ വിപിന്‍ സംഘി, രേഖ പള്ളി തുടങ്ങിയവര്‍ അംഗങ്ങളായ ഡിവിഷന്‍ ബെഞ്ച് ഇനോക്‌സിന് നോട്ടിസ് അയച്ചത്.

ഇ മെയില്‍ വഴിയാണ് കമ്പനിക്ക് നോട്ടിസ് അയച്ചിട്ടുള്ളത്. തൊട്ടടുത്ത ദിവസം കമ്പനിയുടെ ഉത്തരവാദപ്പെട്ടവരായ ഉടമയോ മാനേജിങ് ഡയറക്ടറോ നേരിട്ട് ഹാജരാവണമെന്ന് കോടതി നിര്‍ദേശിച്ചു.

ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഓക്‌സിജന്‍ അയയ്ക്കാന്‍ കഴിയാത്തത് ക്രമസമാധാനപ്രശ്‌നം കൊണ്ടാണെന്നാണ് കമ്പനി നല്‍കിയ വിശദീകരണം. അടുത്ത ദിവസം യുപിയിലെ ചീഫ് സെക്രട്ടറിയോടും കോടതിയില്‍ ഹാജരാവാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

കേസ് ഏപ്രില്‍ 22ന് വീണ്ടും പരിഗണിക്കും.

Tags:    

Similar News