സുപ്രിംകോടതി ഉത്തരവിന് പുല്ലുവില; ജഹാംഗീര്‍പുരിയില്‍ അനധികൃതനിര്‍മാണം ആരോപിച്ചുള്ള കെട്ടിടംതകര്‍ക്കല്‍ തുടരുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ അനധികൃത നിര്‍മാണങ്ങള്‍ എന്ന പേരില്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കുന്ന നടപടി നിര്‍ത്തിവയ്ക്കാനുള്ള സുപ്രിം കോടതി നിര്‍ദേശം കാറ്റില്‍പ്പറത്തി തകര്‍ക്കല്‍ നടപടികള്‍ തുടരുന്നു. രാവിലെ വന്‍ സന്നാഹങ്ങളുമായി മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചുനീക്കല്‍ തുടങ്ങിയതിനു പിന്നാലെയാണ് തല്‍സ്ഥിതി തുടരാന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഉത്തരവിട്ടത്. പക്ഷേ, ഉത്തരവ് പുറത്തുവന്നിട്ടും ബുല്‍ഡോസറുകളുപയോഗിച്ചുള്ള തകര്‍ക്കല്‍ തുടരുന്നതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. തങ്ങള്‍ക്ക് ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് കോര്‍പറേഷന്‍ അധികൃതരുടെ ന്യായം. ഉത്തരവ് ലഭിച്ചാല്‍ നിര്‍ത്തിവയ്ക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒമ്പതോളം ബുള്‍ഡോസറുകളാണ് ഇന്ന് രാവിലെ ഈ പ്രദേശത്തേക്ക് എത്തിയത്. വന്ന ഉടന്‍ കടകളും സ്ഥാപനങ്ങളും തകര്‍ക്കാന്‍ തുടങ്ങി. പ്രതിഷേധങ്ങളെ ഒതുക്കാന്‍ വലിയ പോലിസ് സന്നാഹവും അണിനിരന്നിരുന്നു.
രാവിലെ കോടതി ചേര്‍ന്നയുടന്‍ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. അടിയന്തര ഇടപെടല്‍ വേണമെന്നും കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയതായും ദവെ അറിയിച്ചു. അനധികൃതവും ഭരണഘടനാ വിരുദ്ധവുമായ ഉത്തരവാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയിട്ടുള്ളത്. ഒരു നോട്ടിസ് പോലും നല്‍കാതെയാണ് ഇടിച്ചുനിരത്തല്‍. ഉച്ചയ്ക്കു രണ്ടിനു തുടങ്ങാന്‍ നിശ്ചയിച്ച പൊളിക്കല്‍ രാവിലെ ഒന്‍പതിനു തന്നെ തുടങ്ങി. കോടതി ഇടപെടല്‍ ഉണ്ടാവുമെന്ന സംശയത്തിലാണ് ഇതെന്ന് ദവെ പറഞ്ഞു.
കേസില്‍ നാളെ വിശദവാദം കേള്‍ക്കുമെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് ജഹാംഗീര്‍പുരിയില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞ ദിവസം ഹനുമാന്‍ ജയന്തി ദിനത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ പ്രദേശമാണ് ജഹാംഗീര്‍പുരി. ജയന്തി ഘോഷയാത്രയുടെ മറവില്‍ ഒരു വിഭാഗത്തിനെതിരേ ആസൂത്രിതമായി ആക്രമണം അഴിച്ചുവിട്ട ഹിന്ദുത്വര്‍ക്കു നേരെ പ്രദേശവാസികള്‍ ശക്തമായ പ്രതിരോധം തീര്‍ത്തിരുന്നു. തുടര്‍ന്നു ഇരുപക്ഷങ്ങള്‍ തമ്മില്‍ സംഘര്‍ഷവും അരങ്ങേറുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇവിടെയുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റാന്‍ എന്ന പേരില്‍ മുസ് ലിം പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്താന്‍ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.