പോലിസിന്റെ പെരുമാറ്റം അതിരുവിടുന്നു; പോലിസ് അന്വേഷണത്തിന് പുതിയ മാര്‍ഗരേഖ

പൊതു ജനങ്ങളോട് പോലിസ് മാന്യമായി പെരുമാറണമെന്ന് പോലിസ് മേധാവി നിര്‍ദ്ദേശിച്ചു

Update: 2021-12-10 13:04 GMT

തിരുവനന്തപുരം: ചില പോലിസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുവിടുന്നതായി ഡിജിപി വിളിച്ച യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ വിമര്‍ശനം. ഉദ്യോഗസ്ഥരുടെ പെരുമാറ്റദൂഷ്യം സംബന്ധിച്ച് പരാതി കിട്ടിയാല്‍ ജില്ലാ പോലിസ് മേധാവിമാര്‍ അന്വേഷിക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചു. കൂടാതെ പോലിസ് അന്വേഷണത്തിന് പുതിയ മാര്‍ഗരേഖയും പുറത്തിറക്കി. അതിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്. കുട്ടികള്‍ക്കെതിരായ അതിക്രമ കേസുകളിലെ അന്വേഷണം ഈ മാസം തന്നെ തീര്‍ക്കണം. നിലവിലുള്ള കേസുകളില്‍ 31 നകം കുറ്റപത്രം നല്‍കണം. അന്വേഷണത്തിന് ഐ.ജിമാര്‍ നേരിട് മേല്‍നോട്ടം വഹിക്കണമെന്നും നിര്‍ദേശമുണ്ട്. ഗാര്‍ഹിക പീഡന പരാതിയില്‍ എഫ്‌ഐആര്‍ ഉടന്‍ റജിസ്റ്റര്‍ ചെയ്യണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത് വിളിച്ച യോഗത്തിലാണ് തീരുമാനം.

ഇന്റലിജന്‍സ് എഡിജിപി യോഗത്തില്‍ സംസ്ഥാന സുരക്ഷ വെല്ലുവിളികള്‍ സംബന്ധിച്ച് റിപോര്‍ട്ട് ചെയ്തു.

തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കണം, രഹസ്യ വിവര ശേഖരണം ഊര്‍ജിതമാക്കണമെന്നും ഡിജിപി അനില്‍ കാന്ത് നിര്‍ദ്ദേശിച്ചു. പൊതു ജനങ്ങളോട് പോലിസ് മാന്യമായി പെരുമാറണമെന്ന് പോലിസ് മേധാവി നിര്‍ദ്ദേശിച്ചു. പോലിസിനെതിരെ കടുത്ത വിമര്‍ശനം പല കോണില്‍ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് ഡിജിപി ഉന്നതതല യോഗത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്. നേരത്തെ മോന്‍സന്‍ മാവുങ്കല്‍ കേസിലും പിങ്ക് പോലിസ് ഉദ്യോഗസ്ഥ വിദ്യാര്‍ത്ഥിനിയോട് മോശമായ പെരുമാറിയ സംഭവത്തിലും പോലിസിനെ കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. ആലുവയില്‍ നവവധു മൊഫിയുടെയും കൊച്ചയിലെ വീട്ടമ്മ സിന്ധുവിന്റെയും ആത്മഹത്യ കേസില്‍ പോലിസ് പരാതി അവഗണിച്ചതും വിവാദമായിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം പോലിസുദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഡിജിപി സര്‍ക്കുലറുകള്‍ ഇറക്കിയെങ്കിലും പോലിസിനെതിരായ ആക്ഷേപങ്ങള്‍ തുടര്‍ക്കഥയായിരുന്നു.

പോലിസിനെതിരെ നിരന്തരമായി ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥയോഗം വിളിച്ചിരുന്നു. വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടും പോലിസിനെതിരെ ഉയരുന്നത് വ്യാപക പരാതികളാണ്. സിപിഎം സമ്മേളനങ്ങളിലടക്കം ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടില്‍ നില്‍ക്കെയാണ് ഡിജിപി യോഗം വിളിച്ചത്. രണ്ടു വര്‍ഷത്തിന് ശേഷമാണ് പോലിസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നേരിട്ട് ചേരുന്നത്.

ക്രമസമാധാന ചുമതലയുളള എസ്പിമാര്‍ മുതലുള്ള മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗമാണ് ഡിജിപി വിളിച്ചത്. ഓരോ ജില്ലയിലെയും ക്രമസമാധാന ചുമതല സംബന്ധിച്ച് എസ്പിമാര്‍ റിപോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയ നിദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. യോഗ തീരുമാനുസരിച്ച് പുതിയ നിര്‍ദ്ദേശങ്ങള്‍ ഡിജിപി ഇറക്കും. അനില്‍കാന്ത് പോലിസ് മേധാവിയായി ചുമതലയേറ്റ ശേഷം ഉദ്യോഗസ്ഥ യോഗം നേരിട്ട് വിളിച്ചിരുന്നില്ല.

Tags:    

Similar News