സുപ്രിംകോടതിയുടെ വിധി മാനിച്ചില്ല; രാജിവച്ചൊഴിഞ്ഞ സ്പീക്കര്‍ നിയമനടപടി നേരിടേണ്ടിവരും
ഇസ് ലാമാബാദ്: പാര്‍ലമെന്റില്‍ ഇമ്രാന്‍ഖാനെതിരേ അവിശ്വസപ്രമേയം അവതരിപ്പിച്ച് വോട്ടെടുപ്പ് നടത്താനുള്ള സുപ്രിംകോടതി നിര്‍ദേശം തള്ളിയ മുന്‍ സ്പീക്കര്‍ അസദ് ഖൈസര്‍ കോടതി നടപടികള്‍ നേരിടേണ്ടിവന്നേക്കുമെന്ന് സൂചന. ഇമ്രാന്‍ഖാനുമായുള്ള തന്റെ പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ബന്ധത്തിന്റെ ബലത്തിലാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിപോലും നടപ്പാക്കാതെ സ്പീക്കര്‍ രാഷ്ട്രീയ പ്രതിസന്ധി നീട്ടിക്കൊണ്ടുപോയത്.
സ്പീക്കര്‍ പാര്‍ട്ടി അധീതനായി പെരുമാറണമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ അതുപോലെയായിരുന്നില്ല. അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയും പിന്നീട് രാജിവച്ചുപോകുകയും ചെയ്തു. അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയും രാജിവക്കുകയായിരുന്നു.
ഏപ്രില്‍ മൂന്നിന് അവിശ്വാസം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ഖാസിം സൂരി അത് അവതരിപ്പിക്കാന്‍ അനുവദിച്ചില്ല. പകരം അവിശ്വാസത്തിനു പിന്നില്‍ വിദേശ ശക്തികളാണെന്ന് ആരോപിച്ചു. ഇത്തരം വാദങ്ങളിലൂടെ നിയമസഭാ നടപടികള്‍ വലിച്ചുനീട്ടി. പിന്നീട് പാര്‍ലമെന്റ് പിരിച്ചുവിട്ടു. പ്രതിപക്ഷം ഇതിനെതിരേ കോടതിയെ സമീപിച്ചു. കോടതി പാര്‍ലമെന്റ് പുനസ്ഥാപിച്ചു. ആ കോടതി വിധിയാണ് സ്പീക്കര്‍ അനുസരിക്കാതിരുന്നത്.
അവിശ്വാസം അവതരിപ്പിക്കുമ്പോള്‍ അദ്ദേഹവും സഭയില്‍ ഹാജരായിരുന്നില്ല, പകരം ഇസ് ലാമാബാദിലെ സ്വകാര്യ വസതിയിലായിരുന്നു.
വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയും ഡിജി (ഐഎസ്‌ഐ) ലഫ്റ്റനന്റ് ജനറല്‍ നദീം അന്‍ജും നിയാസിയെ അദ്ദേഹത്തിന്റെ ബാനി ഗല്ലയിലെ വസതിയില്‍ കണ്ടതായി റിപോര്‍ട്ടുണ്ട്.
ഇമ്രാന്‍ ഖാന്‍ ഇന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കില്‍ പാക് സാമൂഹികമാധ്യമങ്ങള്‍ പ്രതിസന്ധി ഒഴിഞ്ഞതില്‍ ആശ്വാസം പങ്കുവച്ചതായാണ് കാണുന്നത്.