സവാഹിരിയ്ക്കായി പള്ളിയില്‍ പ്രാര്‍ഥിച്ചെന്ന് വ്യാജ വാര്‍ത്ത; കര്‍മ ന്യൂസിനെതിരേ എസ്ഡിപിഐ പോലിസില്‍ പരാതി നല്‍കി
പാര്‍ട്ടി ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷഫീഖ് ആണ് ബാലരാമപുരം പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിത്
തിരുവനന്തപുരം: കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിക്കായി ബാലരാമപുരം വലിയപള്ളി മുസ്‌ലിം ജമാഅത്തില്‍ പ്രാര്‍ഥന നടത്തിയെന്ന യുട്യൂബ് ചാനല്‍ വാര്‍ത്തയ്‌ക്കെതിരേ എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി പരാതി നല്‍കി. യൂട്യൂബ് ചാനലായ കര്‍മ്മ ന്യൂസ് പുറത്തുവിട്ട വ്യാജ വാര്‍ത്തക്കെതിരെയാണ് എസ്ഡിപിഐ പരാതി നല്‍കിയത്. പാര്‍ട്ടി ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷഫീഖിന്റെ നേതൃത്വത്തിലാണ് ബാലരാമപുരം പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി, കോവളം നിയോജകമണ്ഡലം ജോയിന്റ് സെക്രട്ടറി ഷഹീര്‍ മാഷ് എന്നിവര്‍ സംബന്ധിച്ചു.
'സവാഹിരിയുടെ മരണം; കണ്ണീരും പ്രാത്ഥനയുമായി തിരുവന്തപുരത്തെ മുസ്‌ലിം സമൂഹം' എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത പ്രക്ഷേപണം ചെയ്തത്. അല്‍ഖ്വയ്ദ നേതാവിനായി തിരുവനന്തപുരത്തെ അഞ്ച് പള്ളികളില്‍ പ്രാര്‍ഥന നടത്തി. ഇതില്‍ ബാലരാമപുരം വലിയപള്ളി മുസ്‌ലിം ജമാഅത്തിനെ വാര്‍ത്തയില്‍ പേരെടുത്ത് പരാമര്‍ശിക്കുന്നുണ്ട്. രാത്രി എട്ടിന് പള്ളി അടച്ചിട്ട് അയ്മന്‍ അല്‍ സവാഹിരിയ്്ക്കായി പ്രാര്‍ഥന നടത്തി. തിരുവനന്തപുരത്തെ അഞ്ചോളം പള്ളികളില്‍ ഇത്തരത്തില്‍ പ്രാര്‍ഥന നടന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് ചെയ്തതിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലിസ് മേധാവി ഉത്തരവിട്ടെന്നും വാര്‍ത്തയില്‍ പറയുന്നു.
കള്ള വാര്‍ത്തയ്‌ക്കെതിരേ ജമാഅത്ത് കമ്മിറ്റി പോലിസില്‍ പരാതി നല്‍കി
യുട്യൂബ് ചാനല്‍ വ്യാജ വാര്‍ത്തയ്‌ക്കെതിരേ ബാലരാമപുരം വലിയപള്ളി ജമാഅത്ത് കമ്മിറ്റി പോലിസില്‍ പരാതി നല്‍കി. സംഘപരിവാര്‍ അനുകൂല യൂ ട്യൂബ് ചാനലായ കര്‍മ ന്യൂസിനെതിരേയാണ് ജമാഅത്ത് കമ്മിറ്റി പരാതി നല്‍കിയത്. ഈ വ്യാജ വാര്‍ത്ത പിന്‍വലിച്ച് കര്‍മന്യൂസ് മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ബാലരാമപുരം വലിയപള്ളി മുസ്‌ലിം ജമാഅത്ത് വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.
വലിയപള്ളി മുസ്‌ലിം ജമാഅത്ത് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്
ബാലരാമപുരം വലിയപള്ളി മുസ്‌ലിം ജമാഅത്തിന് എതിരേ കഴിഞ്ഞ ദിവസം കര്‍മ്മ ന്യൂസ് എന്ന സ്വകാര്യ യൂ ട്യൂബ് ചാനല്‍ വസ്തുതാവിരുദ്ധമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ജമാഅത്തിനെ അവഹേളിക്കുന്ന രീതിയിലുള്ളതാണ്. വാര്‍ത്തയില്‍ പറയുന്ന തരത്തിലുള്ള ഒരു സംഭവവും ബാലരാമപുരം പള്ളിയില്‍ നടന്നിട്ടില്ലെന്നും അടിസ്ഥാന രഹിതമായ ഇത്തരത്തിലുള്ള വ്യാജ വാര്‍ത്ത സൃഷ്്ടിച്ച് പ്രക്ഷേപണം നടത്തിയ കര്‍മ ന്യൂസ് എന്ന സ്വകാര്യ ചാനല്‍ ടി വാര്‍ത്ത പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ ടി ചാനലിനെതിരേ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ജമാഅത്ത് ഭാരവാഹികള്‍ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.