സീറ്റ് ലഭിച്ചില്ല: കെ സി റോസക്കുട്ടിയും കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക്
കല്‍പ്പറ്റ : കെപിസിസി വൈസ് പ്രസിഡന്റും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയും മുന്‍ എംഎല്‍എയുമായ കെ സി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കല്‍പറ്റയില്‍ സീറ്റ് നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണു പാര്‍ട്ടി വിട്ടത്. ഒന്‍പതാം കേരള നിയമ സഭയില്‍ സുല്‍ത്താന്‍ ബത്തേരിയെ പ്രതിനിധീകരിച്ച അംഗമായിരുന്നു വയനാട് മുള്ളന്‍കൊല്ലി സ്വദേശിയായ റോസക്കുട്ടി.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം, ജനറല്‍ സെക്രട്ടറി മദ്യവര്‍ജ്ജന സമിതി സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 1991 മുതല്‍ അഞ്ച് വര്‍ഷം എംഎല്‍എ ആയിരുന്നു. നിയമസഭാ സമിതി ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1991 ല്‍ സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ നിന്നും എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. 95 - 96 കാലഘത്തില്‍ സ്വകാര്യ ബില്ലുകളുടെയും പ്രമേയങ്ങളുടേയും സമിതി അധ്യക്ഷയായിരുന്നു. നാലു വര്‍ഷം സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ സംബന്ധിച്ച നിയമസഭാ സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട് .
എഐസിസി അംഗവും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001 മുതല്‍ 2012 വരെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. 2012 ല്‍ കേരള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി ചുമതലയേറ്റു.