ഭിന്നശേഷി കുട്ടികളുടെ പെൻഷൻ റദ്ദാക്കിയ തീരുമാനം: പുനപ്പരിശോധനയ്ക്ക് സർക്കാർ തീരുമാനം
കൊച്ചി: സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പെൻഷൻ റദ്ദാക്കിയ തീരുമാനം സർക്കാർ പുനപരിശോധിക്കും. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരമെടുത്ത നടപടിയാണ് പിൻവലിക്കുക. അനർഹരെ പെൻഷൻ പട്ടികയിൽ നിന്ന് പുറത്താക്കാനുള്ള നീക്കം എല്ലാ ഭിന്നശേഷിക്കാരായ കുട്ടികൾക്കും പെൻഷൻ കിട്ടാത്ത സ്ഥിതിയാക്കിയതാണ് പുനരാലോചനയിലേക്ക് നയിച്ചത്.
സ്ഥിരം ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പെൻഷൻ വിതരണം നിർത്തുമെന്നാണ് സർക്കാർ ഉത്തരവ്.
ബിപിഎൽ കാർഡ് ഉള്ളവർക്കും, ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കുമാണ് പ്രതിമാസം 1600 രൂപ ഭിന്നശേഷി പെൻഷൻ. സ്ഥിരം ഭിന്നശേഷി സർട്ടിഫിക്കറ്റോ, കേന്ദ്രസർക്കാരിന്‍റെ യുഡിഐഡി കാർഡോ ഹാജരാക്കണമെന്നും ഇല്ലെങ്കിൽ പെൻഷൻ വിതരണം നിർത്തുകയാണ് എന്നുമായിരുന്നു സർക്കാരിന്റെ ഉത്തരവ്. പല പഞ്ചായത്തുകളും ഭിന്നശേഷി കുട്ടികൾക്ക് ഇക്കാര്യം പറഞ്ഞ് കത്തയച്ചു. 18 വയസ്സ് കഴിഞ്ഞാൽ മാത്രമേ സ്ഥിരം ഭിന്നശേഷി സർട്ടിഫിക്കറ്റ് കിട്ടൂ. കേന്ദ്രനിയമപ്രകാരം മൂന്ന് ഘട്ടങ്ങളിലായാണ് ഈ സർട്ടിഫിക്കറ്റ് നൽകുക.ബൗദ്ധിക വളർച്ചയിൽ ഏറ്റം കുറച്ചിൽ ഉണ്ടാകാം എന്നതിനാൽ 18 വയസ്സിൽ താഴെ സ്ഥിരം സർട്ടിഫിക്കറ്റ് അനുവദിക്കില്ല.18 വയസ്സും കഴിഞ്ഞാൽ മാത്രമെ കേന്ദ്രസർക്കാരിന്‍റെ UDID കാർഡ് കിട്ടൂ.