വേദപാഠ പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ താമരശ്ശേരി രൂപത പിന്‍വലിച്ചു
പുസ്തകത്തിലെ പരാമര്‍ശത്തില്‍ മുസ്‌ലിം സമൂഹത്തിനുണ്ടായ വേദനയില്‍ ബിഷപ് ഖേദം പ്രകടിപ്പിച്ചു
കോഴിക്കോട്: വേദപാഠ പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ താമരശ്ശേരി രൂപത പിന്‍വലിച്ചു. കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ നിന്നും നീക്കാന്‍ തീരുമാനിച്ചു. താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുസ്‌ലിം നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് പാഠപുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ ധാരണയായത്. പുസ്തകത്തിലെ പരാമര്‍ശത്തില്‍ മുസ്‌ലിം സമൂഹത്തിനുണ്ടായ വേദനയില്‍ ബിഷപ് ഖേദം പ്രകടിപ്പിച്ചു. ബിഷപ്പിന്റെ താല്‍പ്പര്യ പ്രകാരം ഡോ. എം കെ മുനീര്‍ എംഎല്‍എയാണ് യോഗത്തിന് മുന്‍കൈ എടുത്തത്.
സാമുദായിക സൗഹാര്‍ദം നിലനിത്താനും സാമൂഹിക തിന്മകള്‍ക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കാനും നേതാക്കള്‍ തീരുമാനിച്ചു. ഡോ. എം കെ മുനീര്‍, ഡോ. ഹുസൈന്‍ മടവൂര്‍, നാസര്‍ ഫൈസി കൂടത്തായി, ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ, വി എം ഉമ്മര്‍, എം എ യൂസുഫ് ഹാജി, സദറുദ്ദീന്‍ പുല്ലാളൂര്‍, മോണ്‍. ജോണ്‍ ഒറവുങ്ങര, ഫാ. ബെന്നി മുണ്ടനാട്ട്, അബ്ദുല്‍ കരീം ഫൈസി, സി ടി ടോം, മാര്‍ട്ടിന്‍ തോമസ് എന്നിവര്‍ സംബന്ധിച്ചു.
താമരശ്ശേരി രൂപത വിശ്വാസ പരിശീലനകേന്ദ്രം മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കു വേണ്ടി പ്രസിദ്ധീകരിച്ച 'സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളും' എന്ന പുസ്തകത്തിലാണ് അടിസ്ഥാന രഹിതമായ വിവാദ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. കൈപ്പുസ്തകം വിവാദമായതോടെ താമരശ്ശേരി രൂപത കഴിഞ്ഞദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. കൈപ്പുസ്തകം ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി രൂപത വ്യക്തമാക്കിയിരുന്നു.