കൊവിഡ് 19: വിയോജിച്ചവരെ രോഗികളാക്കി ക്വാറന്റീനിലയച്ച് ചൈനീസ് ഭരണകൂടം

Update: 2020-04-20 11:44 GMT

ബീജിങ്: കൊറോണ വൈറസ് ബാധ വ്യാപകമായതോടെ ലോകത്തെമ്പാടും മനുഷ്യാവകാശ ലംഘനങ്ങളും വര്‍ധിക്കുകയാണ്. മറ്റ് രാജ്യങ്ങളും ഒട്ടും മോശമല്ലെങ്കിലും സ്വാഭാവികമായും രോഗം പൊട്ടിപ്പുറപ്പെട്ട ചൈന തന്നെയാണ് ഇതിനു മുന്നില്‍.

കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവച്ച 5,100 പേരാണ് ചൈനയില്‍ അറസ്റ്റിലായത്. മറ്റ് ചിലരെ രോഗം സംശയിക്കുന്നുവെന്ന് ആരോപിച്ച് ക്വാറന്റീനിലയച്ചു. രോഗം ബാധിച്ചവരെ നിരീക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ആപ്പുകള്‍ ഇപ്പോള്‍ വിസമ്മതമുള്ളവരെ നിന്ത്രിക്കാനും അവരുടെ ചലനം നിരീക്ഷിക്കാനും ഉപയോഗിക്കുന്നു.

കൊറോണ വൈറസിന്റെ സാന്നിധ്യം ആദ്യമായി സംശയിച്ച ഡോ. ലി വെന്‍ലിങും ഇതുസംബന്ധിച്ച അദ്ദേഹത്തിന്റെ സന്ദേശം സ്വീകരിച്ച ഡോക്ടര്‍മാരും തുടക്കം മുതലേ പീഡനത്തിനിരയായി. ആ സന്ദേശത്തിലൂടെ ലീ അവരോട് വ്യക്തിസുരക്ഷ ഉറപ്പുവരുത്തുന്ന വസ്ത്രം ധരിക്കണമെന്ന് നിര്‍ദേശിച്ചു. ഡോ. ലീയെ ചൈനീസ് അധികൃതര്‍ സാമൂഹിക സുരക്ഷയെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്തു. കുറ്റസമ്മതമൊഴി കൊടുത്തശേഷമാണ് വിട്ടയച്ചത്. അതിനിടയില്‍ കൊറോണ രോഗം ബാധിച്ച് ഡോ. ലീ അന്തരിച്ചു. അതേസമയം അദ്ദേഹത്തിന്റെ സന്ദേശം സ്വീകരിച്ച സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ പലരും അപ്രത്യക്ഷരായി. അവര്‍ക്കെന്തു സംഭവിച്ചുവെന്നത് ഇപ്പോഴും അജ്ഞാതം. 

ഡോ. ലി വെന്‍ലിങ്‌

കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് വിവിധ തലത്തില്‍ വിസമ്മതമുന്നയിച്ച പലരും രാജ്യദ്രോഹികളായാണ് ചിത്രീകരിക്കപ്പെട്ടത്. അവര്‍ക്കുവേണ്ടി സംസാരിച്ച അഭിഭാഷകരും പീഡിപ്പിക്കപ്പെട്ടു. കൊവിഡിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതുപോലും തെറ്റാണെന്ന നിലപാടിലാണ് ചൈന ഉറച്ചുനില്‍ക്കുന്നത്.

ഡോ. ലീ മരിക്കുന്നതിന് തലേനാള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചെന്‍ ക്വുഷി പങ്കുവച്ച കൊറോണ രോഗികള്‍ വരാന്തയില്‍ കിടക്കുന്ന വീഡിയോ യുട്യൂബില്‍ ഹിറ്റായതോടെ അദ്ദേഹത്തെ കാണാതായി. അദ്ദേഹം എവിടെയോ ക്വാറന്റീനിലാണെന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

''ഞാന്‍ ജീവിച്ചിരിക്കുംവരെ കണ്ടതിനെ കുറിച്ച് സംസാരിക്കും, പ്രതികരിക്കും. മരണഭയം എനിക്കില്ല. ഞാനെന്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭയക്കണം?'' അപ്രത്യക്ഷനാകും മുമ്പ് ചെന്‍ പുറത്തുവിട്ട ഒരു ക്ലിപ്പില്‍ അദ്ദേഹം പറയുന്നു. 


ചെന്‍ ക്വുഷി

മൂന്നാഴ്ചയ്ക്കു ശേഷം വുഹാനിലെ മരണത്തെ കുറിച്ച് വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനായ ലി സിഹുഅ ഇപ്പോള്‍ അറസ്റ്റിലാണ്. വുഹാനില്‍ ഭക്ഷണത്തിനു വേണ്ടി അലയുന്ന വുഹാന്‍ നിവാസികളുടെ വീഡിയോയും അദ്ദേഹം പുറത്തുവിട്ടിരുന്നു. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ സന്ദര്‍ശനത്തിനു ശേഷം അദ്ദേഹത്തെ പോലിസ് പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. അവരെന്ന ഐസൊലേഷനിലേക്ക് അയക്കാന്‍ ഉദ്ദേശിക്കുന്നു. എന്നെ സഹായിക്കൂ-ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍. 

ലി സിഹുഅ

ഇത് ചിലര്‍ മാത്രമാണ് ഇതുപോലെ നിരവധി പേര്‍ രാജ്യത്ത് അപ്രത്യക്ഷരായിട്ടുണ്ട്. അവര്‍ ഇപ്പോള്‍ അജ്ഞാതമായ തടവറകളിലാണെന്നാണ് കരുതപ്പെടുന്നത്.

ഇത്തരത്തില്‍ നിരവധി പേരെ ചൈനീസ് സര്‍ക്കാര്‍ പിടിച്ചുവച്ചിട്ടുണ്ടെന്ന് ഹോങ്കോങിലെ ചൈനീസ് ഹ്യൂമണ്‍ റൈറ്റ്‌സ് ഡിഫെന്റേഴ്‌സ് വാച്ച്‌ഡോഗിന്റെ ഡെപ്യൂ. ഡയറക്ടര്‍ ഫ്രാന്‍സെസ് ഈവ് പറയുന്നു. വിമര്‍ശകരെ സര്‍ക്കാര്‍ പിടിച്ചുവയ്ക്കുകയും അവര്‍ സമൂഹത്തിന് ദോഷകരമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുവെന്ന് എഴുതി വാങ്ങി ജയിലിലടക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

Tags:    

Similar News