''പളനിസ്വാമി മാസം തികയാതെ പ്രസവിച്ച സന്തതി'': മുഖ്യമന്ത്രിക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഡിഎംകെ നേതാവ് എ രാജ

Update: 2021-03-29 11:36 GMT

ചെന്നൈ: ദ്രാവിഡ മുന്നേറ്റക്കഴകം നേതാവ് എ രാജ, മുഖ്യമന്ത്രി പളനിസ്വാമിക്കും മാതാവിനും എതിരേ നടത്തിയ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ചു. താന്‍ പളനിസ്വാമിയെയോ അദ്ദേഹത്തിന്റെ മാതാവിനെയോ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് എ രാജ പറഞ്ഞു. ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിനെയും പളനിസ്വാമിയെയും തമ്മില്‍ താരതമ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം മുഖ്യമന്ത്രിയെ വൈകാരികമായി വേദനിപ്പിച്ച സാഹചര്യത്തിലാണ് രാജയുടെ മാപ്പപേക്ഷ. തന്റെ പ്രയോഗത്തെ തെറ്റായി മനസ്സിലാക്കുകയാണ് ചെയ്തതെങ്കിലും അത്തരമൊരു പ്രയോഗത്തില്‍ പശ്ചാത്തപിക്കുന്നതായും രാജ പറഞ്ഞു.

ഡിഎംകെയുടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ രാജ, സ്റ്റാലിനെയും പളനിസ്വാമിയെയും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ട് നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

സ്റ്റാലിന്‍ ഒരു വര്‍ഷം മിസ തടവുകാരനായി ജയിലില്‍ കിടന്നു. അദ്ദേഹം ജില്ലാ സെക്രട്ടറിയായിരുന്നു. പിന്നീട് ജനറല്‍ കമ്മിറ്റി അംഗമായി, യൂത്ത് വിങ് സെക്രട്ടറിയായി, ട്രഷററായി, വര്‍ക്കിങ് പ്രസിഡന്റായി, കലൈജ്ഞര്‍ക്കുശേഷം പാര്‍ട്ടി പ്രസിഡന്റായി. അതുകൊണ്ടാണ് സ്റ്റാലിന്‍ ആചാരങ്ങളോടെ ശരിയായ രീതിയില്‍ വിവാഹം കഴിച്ച് ഒമ്പതുമാസം ഗര്‍ഭം ധരിച്ച് ഉണ്ടായ കുട്ടിയെപ്പോലെയാണെന്ന് പറയുന്നത്. എന്നാല്‍ എടപ്പാടി പെട്ടെന്ന് മാസം തികയാതെ ഉണ്ടായ കുട്ടിയാണ്''- രാജ പറഞ്ഞു.

മാസം തികയാതെ പിറന്ന കുട്ടിയെന്ന പരാമര്‍ശമാണ് വിവാദമായത്. മറ്റൊരു പ്രസംഗത്തില്‍ എം കെ സ്റ്റാലിന്റെ കാലിലെ ചെരുപ്പിന്റെ വിലയില്ലെന്നും മുഖ്യമന്ത്രിയെ രാജ പരിഹസിച്ചു.

''കുറേകാലമായി എടപ്പാടി പളനിസ്വാമി ജാഗരി മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു. സ്റ്റാലിനുമായി എങ്ങനെയാണ് അദ്ദേഹം മല്‍സരിക്കുക?'' മറ്റൊരു യോഗത്തില്‍ രാജ ആക്ഷേപിച്ചു.

മാര്‍ച്ച് 28ന് തന്റെ പ്രയോഗത്തെക്കുറിച്ച് വിശദീകരണവുമായി രാജ രംഗത്തുവന്നു. തന്റെ പ്രയോഗം തെറ്റിദ്ധരിക്കപ്പെട്ടുവെന്നായിരുന്നു നല്‍കിയ വിശദീകരണം. താന്‍ പ്രയോഗം നടത്തിയത് രാഷ്ട്രീയപശ്ചാത്തലത്തിലായിരുന്നെന്നും വ്യക്തിജീവിതവുമായി ബന്ധപ്പെട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജയുടെ വിശദീകരണത്തോട് പളനിസ്വാമി പൊട്ടിത്തെറിച്ചു. സാധാരണ ഒരു മനുഷ്യന്‍ മുഖ്യമന്ത്രിയായാല്‍ ഇവരെപ്പോലുള്ളവര്‍ എന്താണ് പറയുകയെന്ന് അദ്ദേഹം ചോദിച്ചു. രാജയുടെ പ്രയോഗം അശ്ലീലമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Tags:    

Similar News