തിയറ്ററിലെ എല്ലാ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കരുത്: ഉത്തരവ് പിന്‍വലിക്കണമെന്ന് തമിഴ്‌നാടിനോട് കേന്ദ്രം

Update: 2021-01-06 16:34 GMT

ന്യൂഡല്‍ഹി: സിനിമ തിയേറ്ററുകളില്‍ എല്ലാ സീറ്റിലും പ്രേക്ഷകരെ അനുവദിക്കാമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് തമിഴ്‌നാടിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രണ്ടുദിവസം മുന്‍പാണ് നൂറുശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അമ്പതു ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചു കൊണ്ട് നവംബര്‍ മുതല്‍ തമിഴ്‌നാട്ടില്‍ തിയേറ്ററുകള്‍ വീണ്ടും തുറന്നിരുന്നു. അതിനിടയില്‍, എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കണമെന്ന് നിരവധി പ്രമുഖ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.


ഘട്ടംഘട്ടമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി, കണ്‍ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സിനിമ തിയേറ്ററുകളില്‍ അമ്പത് ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനത്തിന് കത്ത് നല്‍കി. നിയന്ത്രണങ്ങള്‍ ആഭ്യന്തര മന്ത്രാലയം ജനുവരി 31വരെ നീട്ടിയിട്ടുണ്ടെന്നും കത്തില്‍ ഭല്ല വ്യക്തമാക്കിയിട്ടുണ്ട്.




Tags:    

Similar News