പ്രവര്‍ത്തകരെ ഭിന്നിപ്പിക്കരുത്: കെപിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ മലപ്പുറം ഡിസിസി ഭാരവാഹികള്‍
കെപിസിസി ജനറല്‍ സെക്രട്ടറിയും 15 വര്‍ഷം ഡി സി സി പ്രസിഡന്റുമായ ഇ മുഹമ്മദ് കുഞ്ഞി നടത്തിയ പ്രസ്താവന വളരെ അനുചിതവും അനവസരത്തിലുള്ളതുമാണ്.
മലപ്പുറം: കെപിസിസി ജനറല്‍ സെക്രട്ടറി ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ഡിസിസി വൈസ് പ്രസിഡന്റും ഖജാന്‍ജിയും വാര്‍ത്താസമ്മേളനം നടത്തി. ഡിസിസി ഖജാന്‍ജി വല്ലാഞ്ചിറ ഷൗക്കത്ത്, വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് എന്നിവരാണ് 15 വര്‍ഷത്തോളം ഡിസിസി പ്രസിഡന്റായിരുന്ന ഇ മുഹമ്മദ് കുഞ്ഞിക്കെതിരെ രംഗത്തുവന്നത്.
ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോടനുബന്ധിച്ച് ഹൈക്കമാണ്ടും കെപിസിസിയും കൈകൊണ്ട നടപടികള്‍ കോണ്‍ഗ്രസ് സമവായത്തിന് വളരെ ആശാവഹമാണെന്ന് അവര്‍ പറഞ്ഞു. ജില്ലയിലെ നാല് സീറ്റുകള്‍ക്ക് പുറമെ ജില്ലക്ക അഞ്ചാമത്തെ ഒരു സീറ്റ് കൂടി കിട്ടിയത് ഒറ്റക്കെട്ടായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെഞ്ചിലേറ്റി സ്വാഗതം ചെയ്യുമ്പോള്‍ അതിന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ശരിയല്ല.
കെപിസിസി ജനറല്‍ സെക്രട്ടറിയും 15 വര്‍ഷം ഡി സി സി പ്രസിഡന്റുമായ ഇ മുഹമ്മദ് കുഞ്ഞി നടത്തിയ പ്രസ്താവന വളരെ അനുചിതവും അനവസരത്തിലുള്ളതുമാണ്. ജല്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിന് കെപിസിസി എന്തെങ്കിലും ഫോര്‍മുല ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നതിന് പകരം പ്രവര്‍ത്തകരെ ഭിന്നപ്പിക്കാന്‍ ശ്രമിക്കരുത്. പാര്‍ട്ടിയില്‍ തനിക്ക് സ്ഥാനം ലഭിക്കുവാന്‍ വിവിധ ഹോട്ടലുകളില്‍ ഗ്രൂപ്പ് യോഗങ്ങള്‍ നടത്തിയത് ഇ മുഹമ്മദ് കുഞ്ഞി മറക്കരുതെന്നും വല്ലാഞ്ചിറ ഷൗക്കത്തും വൈസ് വീക്ഷണം മുഹമ്മദും പറഞ്ഞു.
നിലമ്പൂരില്‍ വി വി പ്രകാശിന് സീറ്റ് നല്‍കുന്നതിനു പകരമായി ആര്യാടന്‍ ഷൗക്കത്തിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കെപിസിസി തീരുമാനിച്ചിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെ ഡിസിസി പ്രസിഡന്റാക്കുന്നതിന് എതിരേ ഇ മുഹമ്മദ് കുഞ്ഞി രംഗത്തുവന്നതാണ് ഡിസിസി ഭാരവാഹികളെ ചൊടിപ്പിച്ചത്.