ഒരു ഭാഷയും അടിച്ചേല്‍പ്പിക്കുകയോ എതിര്‍ക്കുകയോ ചെയ്യരുതെന്ന് ഉപരാഷ്ട്രപതി

Update: 2020-09-14 12:27 GMT

ന്യൂഡല്‍ഹി: ഒരു ഭാഷയും അടിച്ചേല്‍പ്പിക്കുകയോ എതിര്‍ക്കുകയോ ചെയ്യരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും തുല്യ ബഹുമാനം നല്‍ണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഹിന്ദി ദിവസ് 2020 നോടനുബന്ധിച്ച് മധുബന്‍ എജ്യൂക്കേഷണല്‍ ബുക്ക്സ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ എല്ലാ ഭാഷകള്‍ക്കും സമ്പന്നമായ ചരിത്രമുണ്ട്. നമ്മുടെ ഭാഷാ വൈവിധ്യത്തിലും സാംസ്‌കാരിക പൈതൃകത്തിലും നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

1918 ല്‍ മഹാത്മാഗാന്ധി ദക്ഷിണ ഭാരത് ഹിന്ദി പ്രചാരസഭ സ്ഥാപിച്ചത് പരാമര്‍ശിച്ച ഉപരാഷ്ട്രപതി, ഹിന്ദിയെയും മറ്റു ഇന്ത്യന്‍ ഭാഷകളെയും പരസ്പര പൂരകങ്ങളായി കാണണമെന്നും കൂട്ടിച്ചേര്‍ത്തു. ഹിന്ദിയിതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഹിന്ദി പഠിക്കണമെന്നും, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഏതെങ്കിലും ഇന്ത്യന്‍ ഭാഷ കൂടി പഠിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍, മാതൃഭാഷയ്ക്ക് നല്‍കിയിരിക്കുന്ന പ്രാധാന്യത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ച അദ്ദേഹം, ഇത് കുട്ടികളെ പാഠ്യ വിഷയം കൂടുതല്‍ നന്നായി മനസിലാക്കാനും പഠിക്കാനും ഒപ്പം, മികച്ച രീതിയില്‍ സ്വയം പ്രകടിപ്പിക്കാനും സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു. മാതൃഭാഷയിലുള്ള പഠനം, ഹിന്ദിയിലും മറ്റു ഭാഷകളിലും മികച്ച പുസ്തകങ്ങള്‍ എളുപ്പം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തുന്നു. ഇതിന് പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.




Tags:    

Similar News