സഞ്ചാര സ്വാതന്ത്ര്യം തടയരുത്; വട്ടത്താണി റെയില്‍വേ സുരക്ഷാമതില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി സന്ദര്‍ശിച്ചു

Update: 2022-02-16 13:18 GMT

താനാളൂര്‍: താനാളൂര്‍ പഞ്ചായത്തിലെ വട്ടത്താണി പ്രദേശത്ത് റെയില്‍വേ വകുപ്പ് നിര്‍മാണം ആരംഭിച്ച സുരക്ഷാ മതില്‍ എംപി ഇ ടി മുഹമ്മദ് ബഷീര്‍ സന്ദര്‍ശിച്ചു. ഇവിടത്തെ നിര്‍മിതി പൊതുജനങ്ങള്‍ക്ക് ഹാനികരമാകുമെന്നതിനാല്‍ ജനങ്ങള്‍ക്കിടയില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് എംപിയുടെ സന്ദര്‍ശനം. വട്ടത്താണി കമ്പനിപ്പടി മുതല്‍ വലിയപാടം വരെയാണ് റെയിലിന്റെ കിഴക്ക് വശത്തായി സുരക്ഷാഭിത്തി നിര്‍മിക്കുന്നത്. 

റെയിലിന്റെ ഇരുവശങ്ങളിലുമുള്ള ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്ന വിധം നിര്‍മിക്കുന്ന സുരക്ഷാഭിത്തിയുടെ നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിച്ച് ഭിത്തിക്കിടയിലൂടെ ജനങ്ങള്‍ക്ക് ഇരുവശത്തേക്കും പോകാന്‍ സൗകര്യമേര്‍പ്പെടുത്തണമെന്നും സ്ഥിരം സംവിധാനമായി ഓവര്‍ ബ്രിഡ്‌ജോ അണ്ടര്‍പാസ്സേജോ ഫൂട് ഓവര്‍ബ്രിഡ്‌ജോ നിര്‍മിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

ജനങ്ങളുടെ ആവശ്യം പരിഗണിച്ച് അനുകൂലമായ സമീപനം കൈകൊള്ളുന്നതിനായി ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ക്കുമെന്നും ജനങ്ങളുടെ ആശങ്ക അധികൃതരെ അറിയിക്കുമെന്നും ഇ ടി ബഷീര്‍ എം പി പറഞ്ഞു. ജനങ്ങളുടെ ആവശ്യം ന്യായമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനപ്രതിനിധികളും നാട്ടുകാരുമടങ്ങിയ ഒരു വലിയ സംഘം തന്നെ എംപിയുടെ സന്ദര്‍ശനസമയത്ത് സ്ഥലത്തെത്തിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സല്മത്ത്, താനാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എം മല്ലിക ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി, ഒ രാജന്‍, കെ എന്‍ മുത്തുക്കോയ തങ്ങള്‍, ഹരിതാസ്, പി സതീശന്‍ മാസ്റ്റര്‍, അഡ്വ. പി പി റഊഫ്, കെ വി മൊയ്തീന്‍ കുട്ടി, ടി പി റസാഖ്, പി എസ് ഹമീദ്ഹാജി, കെ ഫാത്തിമ ബീവി, സുലൈമാന്‍ ചാത്തേരി, മജീദ് മംഗലത്ത്, ആബിദ ഫൈസല്‍, കുഞ്ഞിപ്പ തെയ്യമ്പാടി, പി പി ബഷീര്‍, എം അബ്ദു മാസ്റ്റര്‍, ടിപിഎം മുഹസിന്‍ ബാബു, ടികെ നസീര്‍, കെ ഉവൈസ്, ടി ജംഷീറലി എന്നിവര്‍ സംബന്ധിച്ചു.

Tags:    

Similar News