ലക്ഷദ്വീപിലെ സര്‍വ്വകലാശാല കോഴ്‌സുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി
യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പ്രതിലോമകരമായ നടപടിക്ക് കൂട്ടു നില്‍ക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം: ലക്ഷദ്വീപിലെ സെന്ററുകളിലെ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പിജി കോഴ്‌സുകളും ബിഎ അറബിക്കും നിര്‍ത്തലാക്കാനുള്ള കാലിക്കറ്റ് സര്‍വ്വകലാശാല തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പ്രതിലോമകരമായ നടപടിക്ക് കൂട്ടു നില്‍ക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിജി കോഴ്‌സുകളായ എംഎ അറബിക്, എംഎ ഇംഗ്ലീഷ്, എംഎ പൊളിറ്റിക്‌സ്, എംഎസ്‌സി ആഗ്രോ കള്‍ചര്‍, എംഎസ്‌സി മാത്‌സ് എന്നീ കോഴ്‌സുകള്‍ നിര്‍ത്തലാക്കുകയാണ്. അന്ത്രോത്, കടമത് എന്നീ ദ്വീപുകളില്‍ യൂനിവേഴ്‌സിറ്റി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് പിന്നില്‍ വളരെ ദീര്‍ഘ വീക്ഷണത്തോട് കൂടിയുള്ള തീരുമാനം ഉണ്ടായിരുന്നു. താന്‍ വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് അന്നു കേന്ദ്ര കേന്ദ്ര മന്ത്രിയായിരുന്ന പി എം സഈദിന്റെ കൂടി താല്പര്യം പരിഗണിച്ചു പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം വിളിച്ചു ചേര്‍ത്താണ് ഈ തീരുമാനം എടുത്തത് .ലക്ഷദ്വീപിലെ കുട്ടികള്‍ക്ക് പഠനസൗകര്യം ഇല്ലാത്തത് പരിഗണിച്ചു എടുത്ത ഒരു നിര്‍ണായക തീരുമാനമായിരുന്നു അത്.
ഇന്ന് അത് വേണ്ട എന്ന് അവിടത്തെ ഭരണകൂടം തീരുമാനം എടുത്തതില്‍ അത്ഭുതം ഒന്നുമില്ല. ലക്ഷദ്വീപിന്റെ പാരമ്പര്യം തകര്‍ക്കുന്ന ജോലിയിലാണ് അവര്‍. പക്ഷെ സിന്‍ഡിക്കേറ്റ് എന്തിനാണ് ഇതിന് കൂട്ടുനിന്നത് എന്ന കാര്യം മനസ്സിലാകുന്നില്ല. ഇക്കാര്യത്തില്‍ യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് എടുത്ത നടപടിയും തെറ്റാണ്. തെറ്റായ ഈ തീരുമാനത്തിന് എതിരെ അക്കാദമിക് സമൂഹം ശക്തമായി പ്രതിഷേധിക്കണമെന്നും ഇ ടി പ്രസ്താവനയില്‍ പറഞ്ഞു.