ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡോക്ടറെ രോഗിയുടെ കൂടെവന്നയാള്‍ ആക്രമിച്ചതായി പരാതി. കര്‍കര്‍ദൂമയിലെ ഡോക്ടര്‍ ഹെഗ്‌ഡേവാര്‍ ആശുപത്രിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ഇതിനായി 25 ശതമാനം സുരക്ഷ സേനയെ വര്‍ധിപ്പണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് സംഭവം.
എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്ന ഡോക്ടര്‍ രോഗിയെ പരിചരിക്കുന്നതിനിടെയായിരുന്നു ആക്രമണം. ശനിയാഴ്ച രാത്രി ഒരു മണിയോടെ നെറ്റിയില്‍ മുറിവേറ്റ രോഗിയെ ആശുപത്രിയില്‍ കൊണ്ടുവന്നു. രോഗിയെ ഡ്രസിങ് റൂമിലെത്തിച്ച് ചികിത്സ നല്‍കി. ആദ്യത്തെ സ്റ്റിച്ചിട്ടതിന് പിന്നാലെ പ്രതി തന്നെ തള്ളിമാറ്റുകയും അസഭ്യം പറയുകയുമായിരുന്നുവെന്ന് ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബ്ദം കേട്ടെത്തി മകന്‍ മുഖത്തടിക്കുകയും അസഭ്യം പറയുകയുമായിരുന്നുവെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.