ജെയ്പൂര്‍: ഗര്‍ഭിണി മരിച്ചതിന് കൊലപാതകക്കുറ്റം ചുമത്തിയതില്‍ മനംനൊന്ത് ഗൈനക്കോളസ്റ്റ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാജസ്ഥാനിലെ ദൗസയില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ഡോക്ടറെയും ആശുപത്രിയും ആക്രമിക്കാന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതിനാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്.
ബിജെപി നേതാവ് ജിതേന്ദര്‍ ഗോത്വാളിനെയാണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെ ജയ്പൂരിലെ വസതിയില്‍ നിന്ന് തന്നെ അറസ്റ്റ് ചെയ്തതായും ഐപിസി സെക്ഷന്‍ 302 (ആത്മഹത്യ പ്രേരണ) പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും ഗോത്വാള്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് ട്രെയിന്‍ ടിക്കറ്റ് അയച്ചതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതികാരം ചെയ്യുകയാണെന്ന് ഗോത്വാള്‍ അവകാശപ്പെട്ടു.
ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ അര്‍ച്ചനാ ശര്‍മയ്‌ക്കെതിരേ പ്രസവത്തിനിടയില്‍ യുവതി മരിച്ചതിന്റെ പേരില്‍ പോലിസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ ആശുപത്രിയില്‍തന്നെ ആത്മഹത്യാകുറിപ്പ് എഴുതിവച്ച് ആത്മഹത്യ ചെയ്തു.
മരിച്ച യുവതിയുടെ കുടുംബം ഡോക്ടര്‍ക്കെതിരേ പ്രതിഷേധിച്ചിരുന്നു. പ്രസവിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് യുവതി മരിച്ചത്. ആത്മഹത്യ ചെയ്ത ഡോക്ടറും ഭര്‍ത്താവുമാണ് ആശുപത്രി നടത്തുന്നത്.
ഡോക്ടര്‍ക്കെതിരേ കേസെടുത്ത പോലിസുകാരനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.
യുവതിയുടെ മരണശേഷം കുടുംബം ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. കേസെടുത്തശേഷമാണ് പിരിഞ്ഞുപോയത്. ഡോക്ടര്‍ക്കും ഭര്‍ത്താവിനുമെതിരേ കേസുണ്ട്. കേസെടുത്ത വിവരം അറിഞ്ഞ ഉടന്‍ ഡോക്ടര്‍ അര്‍ച്ചന കുഴഞ്ഞുവീണതായി പോലിസ് പറയുന്നുണ്ട്. അര്‍ച്ചന ശര്‍മക്കെതിരേ കേസെടുത്തതില്‍ രാജസ്ഥാനിലെ ഐഎംഎ മെഡിക്കല്‍ ബന്ദ് ആചരിച്ചത് കഴിഞ്ഞ ദിവസമാണ്. പോലിസിനെതിരേ നടപടിയെടുക്കണമെന്നാണ് ആവശ്യം.
തന്റെ ഭര്‍ത്താവിനെയും കുടുംബത്തെയും ഉപദ്രവിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ ഡോക്ടര്‍ അഭ്യര്‍ത്ഥിച്ചു.
പ്രാദേശിക നേതാവായ ബാലിയ ജോഷി എന്ന ശിവശങ്കര്‍ ജോഷിയുടെ നിര്‍ദേശപ്രകാരമാണ് രോഗിയുടെ കുടുംബം മൃതദേഹവുമായി ആശുപത്രിയില്‍ ധര്‍ണ നടത്തിയത്.
രോഗിയുടെ വീട്ടില്‍ ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോള്‍, ശിവശങ്കര്‍ (ബാലിയ) ജോഷി അവിടെ പോയി നഷ്ടപരിഹാരം ലഭിക്കുന്നതിന് സമരം ചെയ്യാന്‍ കുടുംബത്തെ പ്രേരിപ്പിച്ചു. കുടുംബത്തോടൊപ്പം ആശുപത്രിയിലെത്തി സമരം ആരംഭിച്ചു. സമത്തിന് നേതൃത്വം നല്‍കിയത് രാകേഷ് മത്‌ലാന, ജിതേന്ദര്‍ ഗോത്‌വാള്‍ തുടങ്ങിയ ബിജെപി നേതാക്കളാണ്. ജോഷി ഇതിനു മുമ്പ് ആശുപത്രിയില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന്റെ പേരില്‍ കേസുമുണ്ട്. മുതിര്‍ന്ന ബിജെപി നേതാവ് ഡോ കിരോഡി ലാല്‍ മീണയുടെ സമ്മര്‍ദ്ദം മൂലം പോലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് ആശുപത്രിയുമായി ബന്ധപ്പെട്ട ഡോ ഉപാധ്യായ പറയുന്നത്.
ചൊവ്വാഴ്ച ഗോത്വാള്‍ പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു. 'ശസ്ത്രക്രിയയ്ക്കിടെ വൈദ്യശാസ്ത്രപരമായ അശ്രദ്ധമൂലം മരിച്ച ആശാ ബൈര്‍വയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ ഉടന്‍ തന്നെ ലാല്‍സോട്ടില്‍ എത്തി. ഞങ്ങള്‍ രണ്ട് മണിക്കൂര്‍ പ്രതിഷേധിച്ചു. കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തു''- ചിത്രത്തോടൊപ്പം ഗോത്വാള്‍ എഴുതി.