ഗാര്‍ഹിക പീഡനം: മുന്‍ കോണ്‍ഗ്രസ് മന്ത്രിയുടെ വീട്ടില്‍ നിന്നും മകളെ മോചിപ്പിച്ചു
പിതാവ് വീട്ടുതടങ്കലിലാക്കി പീഡിപ്പിക്കുകയാണെന്ന് വ്യക്തമാക്കി മകള്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാറിന് കത്തയച്ചത്. വിഷയത്തില്‍ സ്വമേധയ ഇടപെട്ട വനിതാ കമ്മീഷന്‍ തിങ്കളാഴ്ച രാത്രിയോടെ പശ്ചിം വിഹാറിലുള്ള ചൗഹാന്റെ വീട്ടിലെത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു.
ന്യൂഡല്‍ഹി: പിതാവ് പീഡിപ്പിക്കുന്നതായ പരാതിയെ തുടര്‍ന്ന് മുന്‍ ഡല്‍ഹി കോണ്‍ഗ്രസ് മന്ത്രിയുടെ വീട്ടില്‍ നിന്നും മകളെ വനിതാ കമ്മീഷന്‍ ഇടപെട്ട് മോചിപ്പിച്ചു. ഡല്‍ഹി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന അംഗവുമായ രാജ് കുമാര്‍ ചൗഹാന്റെ മകളെയാണ് വനിതാ കമ്മീഷന്‍ ഇടപെട്ട് മോചിപ്പിച്ചത്. ഷീല ദീക്ഷിത് സര്‍ക്കാരിനു കീഴില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ചൗഹാന്‍, നാല് തവണ എംഎല്‍എ ആയിട്ടുള്ള വ്യക്തിയാണ്.
പിതാവ് വീട്ടുതടങ്കലിലാക്കി പീഡിപ്പിക്കുകയാണെന്ന് വ്യക്തമാക്കി മകള്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാറിന് കത്തയച്ചത്. വിഷയത്തില്‍ സ്വമേധയ ഇടപെട്ട വനിതാ കമ്മീഷന്‍ തിങ്കളാഴ്ച രാത്രിയോടെ പശ്ചിം വിഹാറിലുള്ള ചൗഹാന്റെ വീട്ടിലെത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു. പിതാവ് വീട്ടില്‍ തടവിലാക്കി വച്ചിരിക്കുകയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവതിയുടെ പരാതി അയച്ചത്. അച്ഛനും സഹോദരനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും പറഞ്ഞിരുന്നു. പോലീസ് സഹായത്തോടെ സ്ഥലത്തെത്തിയ വനിതാ കമ്മീഷന്‍ അംഗങ്ങള്‍ ഇവരെ മോചിപ്പിച്ച് ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റി.
1999 ല്‍ വിവാഹിതയായ യുവതി ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവുമായി പിരിഞ്ഞ് കഴിഞ്ഞ പത്ത് വര്‍ഷമായി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. രണ്ട് പെണ്‍മക്കളുമുണ്ട്. ഛണ്ഡീഗഡ് കോടതിയില്‍ കേസ് നടന്നു വരികയാണ്. എന്നാല്‍ വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലെത്തരുതെന്ന നിലപാടാണ് പിതാവ് സ്വീകരിച്ചിരിക്കുന്നതെന്നാണ് യുവതി പറയുന്നത്. ഇതിനിടെ ഭര്‍ത്താവ് വീണ്ടും വിവാഹിതനായി. പുതിയൊരു ജീവിതം തുടങ്ങണമെന്ന ആഗ്രഹം അഭിമാന പ്രശ്‌നങ്ങളുടെ പേരില്‍ കുടുംബം അനുവദിക്കുന്നില്ലെന്നും യുവതി ആരോപിക്കുന്നു. ഇനി മാതാപിതാക്കള്‍ക്കൊപ്പം കഴിയാനാകില്ലെന്നാണ് യുവതിയുടെ നിലപാട്. പരാതിയില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിന് പൊലീസിനോട് വനിത കമ്മീഷന്‍ വിശദീകരണം തേടി. എന്നാല്‍ പരാതിക്കാരിയും മക്കളും വീട്ടില്‍ പ്രത്യേകമായാണ് താമസിച്ചിരുന്നതെന്നും യുവതിയുടെ ആരോപണങ്ങള്‍ മക്കള്‍ തന്നെ നിഷേധിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് ഭാഷ്യം.
മകളുടെ ആരോപണങ്ങള്‍ രാജ് കുമാര്‍ ചൗഹാനും നിഷേധിച്ചിട്ടുണ്ട്