യുഎസിലെ എഫ്ബിഐ ഡയറക്ടറായി ഇന്ത്യന്‍ വംശജനെ നിയമിക്കും
അമേരിക്കന്‍ പ്രസിഡന്റിന്റെ അധികാരത്തില്‍ എഫ്ബിഐ കൈകടത്തുന്നുവെന്ന ആരോപണം നിരന്തരമായി കാഷ് പട്ടേല്‍ ഉന്നയിക്കാറുണ്ട്.
വാഷിങ്ടണ്‍: യുഎസിലെ ഫെഡറല്‍ പോലിസ് സേനയായ എഫ്ബിഐയുടെ ഡയറക്ടറായി ഇന്ത്യന്‍ വംശജന്‍ കാഷ് പട്ടേലിനെ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. മുന്‍ ട്രംപ് സര്‍ക്കാരില്‍ വിവിധ രഹസ്യാന്വേഷണ ഏജന്‍സികളുടെ ഡയറക്ടറായി ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇക്കുറി ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്ന പട്ടേല്‍ ട്രംപിന്റെ ഏറ്റവും വിശ്വസ്തരായ അനുകൂലികളില്‍ ഒരാളാണ്.
അമേരിക്കന്‍ പ്രസിഡന്റിന്റെ അധികാരത്തില്‍ എഫ്ബിഐ കൈകടത്തുന്നുവെന്ന ആരോപണം നിരന്തരമായി കാഷ് പട്ടേല്‍ ഉന്നയിക്കാറുണ്ട്. എഫ്ബിഐ എന്നാല്‍ 'ഡീപ് സ്റ്റേറ്റ്' എന്നാണ് അര്‍ത്ഥം എന്നാണ് ഇയാളുടെ ആരോപണം. അതായത്, അമേരിക്ക ആരു ഭരിച്ചാലും കാര്യങ്ങള്‍ നിയന്ത്രിക്കുക എഫ്ബിഐ ആണെന്നാണ് ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്.
ട്രംപിന്റെ കഴിഞ്ഞ ഭരണത്തില്‍ ഇയാളെ സിഐഎ ഡെപ്യൂട്ടി ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സിഐഎ ഡയറക്ടറായിരുന്ന ജിന ഹാസ്പല്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് രാജി ഭീഷണി മുഴക്കിയതോടെ ട്രംപ് നീക്കം വേണ്ടെന്നുവച്ചു.
1980 ഫെബ്രുവരി 25ന് ന്യൂയോര്‍ക്കില്‍ ജനിച്ച പട്ടേലിന്റെ വേരുകള്‍ ഗുജറാത്തിലെ വഡോദരയിലാണ്. റിച്ച്മണ്ട് സര്‍വകലാശാലയില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജില്‍നിന്നു രാജ്യാന്തര നിമയത്തില്‍ ബിരുദവും നേടി.