ഡോ. കെ അബ്ദുര്‍ റഹ്മാന്‍; വിടപറഞ്ഞത് പാലിയേറ്റീവ് പ്രസ്ഥാനത്തെ ജനകീയമാക്കിയ മനുഷ്യസ്‌നേഹി

ഓരോ പ്രദേശത്തെയും രോഗികളെ പരിചരിക്കുന്നതിന് പ്രാദേശികമായ കൂട്ടായ്മകള്‍ വേണമെന്നും നാട്ടിലെ സേവനതല്‍പ്പരരായ സാധാരണക്കാരാണ് അതിനു നേതൃത്വം നല്‍കേണ്ടതെന്നുമുള്ള ഡോ. അബ്ദുര്‍ റഹ്മാന്റെ കാഴ്ച്ചപ്പാടാണ് പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം ഇത്രത്തോളം വളരാന്‍ കാരണമായത്

Update: 2021-04-16 17:01 GMT
കോഴിക്കോട്: സാന്ത്വന പരിചരണത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റി ലോകത്തിനു മുന്നില്‍ മലപ്പുറത്തെ അടയാളപ്പെടുത്തിയ മനുഷ്യസ്‌നേഹിയായ ഒരു ഡോക്ടറായിരുന്നു ഇന്നലെ അന്തരിച്ച ഡോ. കെ അബ്ദുര്‍ റഹ്മാന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1996ല്‍ മഞ്ചേരിയില്‍ തുടങ്ങിയ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ ചുവടുപിടിച്ചാണ് ഇന്ന് സംസ്ഥാനത്ത് അഞ്ഞൂറോളം സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിരാലംബരായ ലക്ഷക്കണക്കിനു രോഗികള്‍ക്ക് മരുന്നും, ചികില്‍സയും, മറ്റു സഹായങ്ങളും തികച്ചും സൗജന്യമായി എത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകളെ പ്രാദേശിക കൂട്ടായ്മകളിലൂടെ എങ്ങിനെ സാധ്യമാക്കാം എന്നതിന്റെ മാതൃകയാണ് ഡോ. അബ്ദുര്‍ റഹ്മാന്‍ മഞ്ചേരിയില്‍ കാണിച്ചത്. അത് പിന്നീട് തുല്യതയില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ മാതൃകകള്‍ തീര്‍ത്തത് പില്‍ക്കാല ചരിത്രം.


ജാതി, മതം, ലിംഗം, സമ്പന്നത എന്നിങ്ങനെയുള്ള സര്‍വ്വ വിവേചനങ്ങളേയും അതി നിശിതമായി എതിര്‍ത്ത ഡോ. കെ അബ്ദുറഹിമാന്‍ വലിയ സമ്പന്നര്‍, സമൂഹത്തിലെ ഉന്നതരായി സ്വയം ഗണിക്കുന്നവര്‍ എന്നിവരോട് അകലം പാലിച്ചു. അതേസമയം സാധാരണക്കാരായ രോഗികള്‍ക്ക് അദ്ദേഹം എന്നും കൈത്താങ്ങുമായിരുന്നു.


അരീക്കോട് ഓറിയന്റല്‍ ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഫറോക്ക് കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, ഡല്‍ഹി വെല്ലിംഗ്ടന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളില്‍ തുടര്‍പഠനം. വിവിധയിടങ്ങളിലെ മെഡിക്കല്‍ പ്രാക്ടീസിന് ശേഷം തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും മഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചാര്‍ജ് എടുക്കുന്നതോടെയാണ് പൊതു പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമാകുന്നത്.


1980കളില്‍ മഞ്ചേരി മേലാക്കം മുജാഹിദ് പള്ളി ആസ്ഥാനമാക്കി ആരംഭിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങൡലൂടെ ഡോ. അബ്ദുര്‍ റഹ്മാന്‍ ജനമനസ്സുകളില്‍ ഇടംനേടി. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരേയും സാധാരണ വളണ്ടിയര്‍മാരെയും സംഘടിപ്പിച്ച് 1987ല്‍ IMB എന്ന മെഡിക്കല്‍ വിംഗ് സ്ഥാപിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു. പാവപ്പെട്ട രോഗികള്‍ക്കായി മഞ്ചേരി മേലാക്കത്ത് ഒരു വാടക ബില്‍ഡിംഗില്‍ അദ്ദേഹം ആരംഭിച്ച IMB ഫ്രീ ക്ലിനിക്ക് പിന്നീട് വിപുലമായ സൗകര്യങ്ങളോടെ മഞ്ചേരി വല്യട്ടിപ്പറമ്പില്‍ പണിത കെട്ടിടത്തിലേക്ക് മാറ്റി. ഇവിടെയാണ് 1996ല്‍ ജനകീയ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ആദ്യ പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് സ്ഥാപിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം പ്രവര്‍ത്തിക്കുന്ന കെയര്‍ ഹോമിന്റെ സ്ഥാപനത്തിലും ഡോ. കെ അബ്ദുര്‍ റഹ്മാന്‍ പ്രധാന


പങ്ക് നിര്‍വ്വഹിച്ചു.


ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മതരംഗത്തും അദ്ദേഹം മാതൃകയായി. ഡോക്ടറുടെ നേതൃത്വത്തിലാണ് 1991ല്‍ മഞ്ചേരി ഇസ്‌ലാഹീ കാംപസ് എന്ന മുജാഹിദ് സംഘടനകളുടെ മലപ്പുറം ജില്ലാ ആസ്ഥാനം സ്ഥാപിക്കപ്പെട്ടത്. 1996ല്‍ മഞ്ചേരിയില്‍ പ്രവര്‍ത്തനമാരംഭിച്ച നോബ്ള്‍ പബ്ലിക് സ്‌കൂളിന്റെ നേതൃനിരയിലും ഡോ. അബ്ദുര്‍ റഹ്മാന്‍ ഉണ്ടായിരുന്നു. എയ്‌സ് പബ്ലിക് സ്‌കൂള്‍, ഗുഡ് ഡീഡ്‌സ് ട്രസ്റ്റ് എന്നിവയുടെയും തുടക്കക്കാരന്‍ ഡോ. അബ്ദുര്‍ റഹ്മാനാണ്.

ഓരോ പ്രദേശത്തെയും രോഗികളെ പരിചരിക്കുന്നതിന് പ്രാദേശികമായ കൂട്ടായ്മകള്‍ വേണമെന്നും നാട്ടിലെ സേവനതല്‍പ്പരരായ സാധാരണക്കാരാണ് അതിനു നേതൃത്വം നല്‍കേണ്ടതെന്നുമുള്ള ഡോ. അബ്ദുര്‍ റഹ്മാന്റെ കാഴ്ച്ചപ്പാടാണ് പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം ഇത്രത്തോളം വളരാന്‍ കാരണമായത്. നാട്ടിലെ പ്രമുഖ വ്യക്തികളല്ല, നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന സാധാരണക്കാരാണ് പാലിയേറ്റീവ് കെയര്‍ ക്ലനിക്കുകളുടെ അടിത്തറ എന്ന അദ്ദേഹത്തിന്റെ കാഴ്ച്ചപാട് സാധാരണക്കാരായ ഒട്ടേറെ പാലിയേറ്റീവ് വളണ്ടിയര്‍മാരെ വളര്‍ത്തിയെടുത്തു. അവസാന കാലത്ത് രൂപം നല്‍കിയ ഗുഡ് ഡീഡ്‌സ് ട്രസ്റ്റിലൂടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള പരിശ്രമത്തിലായിരുന്നു ഡോ. അബ്ദുര്‍ റഹ്മാന്‍.







Tags:    

Similar News