ഡോ.എം ലീലാവതിക്കും എം ജയചന്ദ്രനും സാമൂഹിക നീതി വകുപ്പിന്റെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം

Update: 2022-09-23 11:36 GMT

തിരുവനന്തപുരം: സാമൂഹിക നീതി വകുപ്പിന്റെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരത്തിന് എഴുത്തുകാരി ഡോ. എം ലീലാവതിയും ഗായകന്‍ പി ജയചന്ദ്രനനും അര്‍ഹരായി. 25,000 രൂപ ക്യാഷ് അവാര്‍ഡും ഉപഹാരവും പ്രശസ്തി പത്രവുമാണ് സമ്മാനം. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദുവാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

വയോജന പരിപാലന രംഗത്ത് മികച്ച സേവനങ്ങള്‍ നല്‍കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, എന്‍ ജി ഒകള്‍ ,മികച്ച മാതൃകകള്‍ സൃഷ്ടിച്ച വ്യക്തികള്‍ എന്നിവര്‍ക്ക് സംസ്ഥാന ഗവണ്‍മെന്റ് നല്‍കുന്ന വയോസേവന പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തായി കണ്ണൂരും ബ്ലോക്ക് പഞ്ചായത്തായി തൂണേരിയും ഗ്രാമപ്പഞ്ചായത്തുകളായി തിരുവനന്തപുരം ജില്ലയിലെ മാണിക്കലും മലപ്പുറം ജില്ലയിലെ വേങ്ങരയും തിരഞ്ഞെടുത്തു. അവാര്‍ഡിനര്‍ഹരായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഉപഹാരവും ലഭിക്കും. എന്‍ ജി ഒ വിഭാഗത്തില്‍ അവാര്‍ഡിനര്‍ഹമായ കൊല്ലം, ഗാന്ധി ഇന്റര്‍നാഷണല്‍ ട്രസ്റ്റിന് 50,000 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഉപഹാരവും സമ്മാനമായി ലഭിക്കും.

മുതിര്‍ന്ന പൗരന്മാരിലെ മികച്ച കായികതാരങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് പി എസ് ജോണും പി സുകുമാരനും അര്‍ഹരായി. ഇരുപത്തയ്യായിരം രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഉപഹാരവുമാണ് ഈ വിഭാഗത്തിലെ സമ്മാനം.

കലാ സാംസ്‌കാരിക മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് ചിത്രകാരനും ശില്പിയുമായ പുനഞ്ചിതയും നാടക കലാകാരനായ മുഹമ്മദ് പേരാമ്പ്രയിലും (അഹമ്മദ് ചെറ്റയില്‍) പൊറാട്ട് നാടക കലാകാരനായ പകനും അര്‍ഹരായി. 25,000 രൂപ ക്യാഷ് അവാര്‍ഡും ഉപഹാരവും പ്രശസ്തിപത്രവുമാണ് സമ്മാനം.

മികച്ച മെയിന്റനന്‍സ് ട്രിബ്യൂണലായി ഒറ്റപ്പാലം മെയിന്റനന്‍സ് ട്രിബൂണല്‍ (ആര്‍ഡിഒ) തിരഞ്ഞെടുത്തു. മികച്ച ഓള്‍ഡേജ് ഹോമായി കൊല്ലം, ഗവണ്‍മെന്റ് ഓള്‍ഡേജ് ഹോമാണ് സമ്മാനാര്‍ഹമായത്. ഇവര്‍ക്ക് പ്രശസ്തിപത്രവും ഉപഹാരവും സമ്മാനമായി ലഭിക്കും.

കാഴ്ച പരിമിതര്‍ക്കും അവയവദാന മേഖലയിലും സ്തുത്യര്‍ഹമായ സേവനം നടത്തുന്ന സി വി പൗലോസ് സാമൂഹിക സേവനത്തിനുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. ഒക്ടോബര്‍ 1 ന് ലോക വയോജന ദിനത്തോടനുബന്ധിച്ച് തൃശ്ശൂരില്‍ നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Tags:    

Similar News