കേരളത്തില്‍ വികസന പ്രതിസന്ധിയില്ല; പ്രതിപക്ഷ നേതാവിന്റെ ധവളപത്രത്തെ വിമര്‍ശിച്ച് ധനമന്ത്രി
കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ ചര്‍വ്വിത ചര്‍വ്വണം ചെയ്ത കാര്യങ്ങള്‍ തന്നെയാണ് വീണ്ടും മറ്റൊരു പേരില്‍ പ്രതിപക്ഷ നേതാവ് അവതരിപ്പിച്ചിരിക്കുന്നതെന്നും ധനമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പുറത്തിറക്കിയ ധവളപത്രം വസ്തുതകള്‍ വളച്ചൊടിച്ചതെന്നാരോപിച്ച് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ ചര്‍വ്വിത ചര്‍വ്വണം ചെയ്ത കാര്യങ്ങള്‍ തന്നെയാണ് വീണ്ടും മറ്റൊരു പേരില്‍ പ്രതിപക്ഷ നേതാവ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് ഐസക് അഭിപ്രായപ്പെട്ടു.
അപകടകരമായ ധനസൂചികയെന്ന് പറഞ്ഞ് അവതരിപ്പിച്ച കണക്കുകളെയും മന്ത്രി ചോദ്യം ചെയ്തു. '2016 17 നും 201819 നും ഇടയില്‍ റവന്യൂക്കമ്മി 2.51% ല്‍ നിന്നു 1.68% ആയി കുറഞ്ഞു. ധനക്കമ്മി 4.29% ല്‍ നിന്നു 3.06% ആയി കുറഞ്ഞു. ഇക്കാലയളവില്‍ കടബാധ്യതയുടെ അനുപാതം 30 % ല്‍ തന്നെ തുടര്‍ന്നു.'
വികസന പ്രതിസന്ധിയുണ്ടെന്ന ആരോപണവും ഐസക് നിഷേധിച്ചു. 'ധവളപത്രത്തില്‍ പറയുന്നതു പോലെ കേരളത്തില്‍ ഒരു വികസനസ്തംഭനവും ഇല്ല എന്നു കണ്ണു തുറന്നു പുറത്തേക്ക് നോക്കുന്ന ഏതൊരാള്‍ക്കും കാണാം. രൂക്ഷമായ ധനഞെരുക്കം ഉണ്ടായിട്ടും ഈ സര്‍ക്കാരിന്റെ ആദ്യത്തെ 3 വര്‍ഷങ്ങളില്‍ സര്‍ക്കാരിന്റെ മൊത്തം ചെലവ് ഏതാണ്ട് 16 % വീതം വളര്‍ന്നു. യു ഡി എഫ് ഭരണ കാലത്ത് ഈ വര്‍ദ്ധന 15 % ല്‍ താഴെ ആയിരുന്നു. ധനപ്രതിസന്ധി ഏറ്റവും രൂക്ഷമായ നടപ്പ് വര്‍ഷത്തില്‍ പോലും സെപ്തംബര്‍ വരെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 % വര്‍ദ്ധന ചെലവില്‍ ഉണ്ടായിട്ടുണ്ട്.' പദ്ധതി ചെലവിന്റെ കാര്യത്തില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ യു ഡി എഫ് കാലത്തെക്കാള്‍ മെച്ചപ്പെട്ട നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
നികുതിപിരിവിലെ പ്രശ്‌നങ്ങളെ കുറിച്ച് ധവളപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ താന്‍ തന്നെ പറഞ്ഞതാണെന്ന് ഐസക് പരിഹസിച്ചു. യുഡിഎഫിന്റെ കാലത്തും ഇപ്പോഴുള്ള നികുതി വര്‍ധനവേ ഉണ്ടിയിട്ടുള്ളൂ എന്ന കാര്യം പ്രതിപക്ഷ നേതാവ് അംഗീകരിക്കണമെന്നാണ് ധനമന്ത്രിയുടെ മറ്റൊരു ആക്ഷേപം.