വിചാരണയ്ക്കിടെ നിര്‍ണായ ഫോട്ടോ കാണാതായി; അഭിഭാഷകര്‍ കോടതിക്ക് പുറത്ത് പോകരുതെന്ന് ജഡ്ജി, ഉടന്‍ ഫോട്ടോ കിട്ടി

തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലായിരുന്നു നാടകീയ രംഗങ്ങള്‍

Update: 2022-07-22 11:59 GMT

തിരുവനന്തപുരം: കോവളത്ത് വിദേശയുവതി കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെ യുവതിയുടെ മൃതദേഹത്തിന്റെയും മൃതദേഹം കിടന്ന സ്ഥലത്തിന്റെയും ഫോട്ടോകളില്‍ ഒന്ന് കാണാതായി. 21 ഫോട്ടോകളില്‍ ഒരെണ്ണമാണ് കാണാതായത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലായിരുന്നു നാടകീയ രംഗങ്ങള്‍. സംഭവത്തില്‍ ക്ഷുഭിതനായ ജഡ്ജി, ഫോട്ടോ കണ്ടെത്തിയതിനുശേഷം മാത്രമേ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതി മുറിക്കു പുറത്തുപോകാവൂയെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് മറ്റൊരു കേസിന്റെ ഫയലില്‍ നിന്ന് പ്രസ്തുത ഫോട്ടോ കണ്ടെത്തുകയായിരുന്നു.

അതേസമയം, കേസിലെ ഏഴാം സാക്ഷി കൂറുമാറി. വിദേശ വനിതയുടെ മരണ കാരണം ബലപ്രയോഗം കാരണമുണ്ടായ ക്ഷതമാണെന്ന് പോസ്റ്റുമാര്‍ട്ടം നടത്തിയ മുന്‍ പോലിസ് സര്‍ജനായ ഡോ. ശശികല കോടതിയില്‍ മൊഴി നല്‍കിയിരുന്നു. വിദേശ വനിതയുടെ ജാക്കറ്റ് രണ്ടാം പ്രതി തന്റെ കടയില്‍ കൊണ്ട് വന്നിരുന്നതായി പോലിസിന് നല്‍കിയ മൊഴിയാണ് ഏഴാം സാക്ഷി മാറ്റിയത്.

2018 മാര്‍ച്ച് 14ന് കോവളത്തുനിന്നു യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടില്‍ കൂട്ടികൊണ്ടുപോയി ലഹരി വസ്തു നല്‍കി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രദേശവാസികളായ ഉദയന്‍, ഉമേഷ് എന്നിവരാണ് കേസിലെ രണ്ടു പ്രതികള്‍. 

Tags:    

Similar News